-->
കോഴിക്കോട്: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തതിനെയും ബിനോയ് വിശ്വം വിമർശിച്ചു. ഒരു കേന്ദ്ര മന്ത്രി നടന്നു പറഞ്ഞു എയിംസ് ഇവിടെയാണ് അവിടെയാണ് എന്നൊക്കെ. എന്നാൽ എയിംസിൽ കേന്ദ്ര മന്ത്രി കബളിപ്പിച്ചു. കോഴിക്കോട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ എവിടെയെങ്കിലും എയിംസ് വരുമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. വിജയം കുറുക്കുവഴിയാക്കിയ മന്ത്രിക്ക് ഇപ്പോൾ വ്യക്തതയില്ലെന്നും സുരേഷ് ഗോപിയെ ലക്ഷ്യമിട്ട് ബിനോയ് വിശ്വം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അവസ്ഥയിൽ സങ്കടമുണ്ടെന്ന് പരിഹസിച്ച ബിനോയ് വിശ്വം, ഒരിക്കലും ജയിക്കാത്ത കേസ് വാദിക്കുന്ന വക്കീലിന്റെ അവസ്ഥയാണ് രാജീവിന്‍റെതെന്നും പറഞ്ഞു. ബിജെപി സർക്കാറിന്റെ അവഗണനയിൽ ജനങ്ങൾക്ക് കടുത്ത എതിർപ്പുണ്ട്. മോദി വന്ന് വാദിച്ചാലും ജനങ്ങളുടെ കോടതിയിൽ ബിജെപിയുടെ വാദം പൊളിയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങൾ വിവേചനത്തിന് ഇരയായി. കേരളത്തിലെ തീർത്ഥാടകരേയും തീർത്ഥാടക കേന്ദ്രങ്ങളെയും അവഗണിച്ചു. ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ട് കേരളം വേണ്ട എന്ന നിലപാടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്. കേരളത്തിന് അതിവേഗ പാതയില്ല. ആമയുണ്ട്, ആമ സംരക്ഷണത്തിന്റെ വർത്തമാനം കൊള്ളത്തരം മാത്രമാണ്.
ആമയ്ക്കും രക്ഷയില്ല, കടൽതീരത്തിനും രക്ഷയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയമായി ബിജെപിയ്ക്ക് കേരളത്തെ വെറുപ്പാണ്. കേരള വിരുദ്ധമാണ് ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി.