Saturday, March 14, 2026 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.54 AM

‘‘എനിക്ക് പതിനാറ് വയസുള്ളപ്പോള്‍ ബ്രദര്‍ മരിച്ചു; ആ വേര്‍പാട് വല്ലാതെ ബാധിച്ചു, ഞാൻ ജീവിക്കുന്നത് അവന് കൂടി വേണ്ടിയാണ്...’’ വിശാഖ് നായര്‍

‘ആനന്ദം’ എന്ന സിനിമയിലെ ‘കുപ്പി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് വിശാഖ് നായര്‍. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രൊമോഷനിടെ അകാലത്തില്‍ നഷ്ടമായ തന്റെ സഹോദരനെക്കുറിച്ച് പറയുകയാണ് താരം.
Visakh Nair, Chatha Pacha movie
Vishak nair about his brother (Image Source: Youtube)

പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ആനന്ദം’ എന്ന ചിത്രത്തിലെ ‘കുപ്പി’ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് വിശാഖ് നായർ. അതിനു ശേഷം ചങ്ക്സ്, പുത്തൻ പണം, ഓഫീസർ ഓണ്‍ ഡ്യൂട്ടി, എമർജൻസി എന്നീ സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വിശാഖ്, മലയാളത്തിനുപുറമേ ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും സജീവമായിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ചത്താ പച്ച - റിങ് ഓഫ് റൗഡീസാ’ണ്. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ ഡബ്ല്യൂ ഇ ചിത്രമായ ഇതില്‍ ചെറിയാൻ എന്ന വില്ലൻ വേഷമാണ് വിശാഖ് ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടെ നാടകത്തിലേക്കും സിനിമയിലേക്കും കടന്നുവരാൻ വഴിയൊരുക്കിയ സഹോദരനെ കുറിച്ച്‌ വിശാഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ ​കരിയറില്‍ തനിക്കേറ്റവും പ്രചോദനമായി മാറിയത് തനിക്ക് നഷ്ടമായ സഹോദരനാണെന്നാണ് താരം പറയുന്നത്.
‘‘പന്ത്രണ്ടോ പതിമൂന്നോ വയസുള്ളപ്പോഴാണ് ഞാനും ബ്രദറും ഒരുമിച്ച്‌ ചെറിയ ഡിവി ക്യാമറയില്‍ ഷൂട്ട് ചെയ്ത് തുടങ്ങുന്നത്. അന്ന് കാണുന്ന ഡബ്ല്യുഡബ്ല്യുഇ, മാട്രിക്‌സ്, അന്യൻ തുടങ്ങിയ സിനിമകളുടെയൊക്കെ ഞങ്ങളുടേതായ വേർഷൻ വീട്ടില്‍ അഭിനയിച്ച്‌ ഷൂട്ട് ചെയ്ത് വെക്കുമായിരുന്നു. പതുക്കെ അത് കൂട്ടുകാർക്കൊപ്പം ആയി. പക്ഷെ എനിക്ക് പതിനാറ് വയസൊക്കെ ആയ സമയത്ത് ബ്രദർ മരിച്ചു പോയി.
അവന്റെ മരണം എന്നെ വല്ലാതെ ബാധിച്ചു. അതില്‍ നിന്നും പുറത്തുവരാൻ വേണ്ടിയാണ് സുഹൃത്തുക്കള്‍ ഒരു പടം പിടിക്കാം എന്ന ആശയം മുന്നോട്ടു വെക്കുന്നത്. അന്ന് ഡയറക്ഷൻ ആയിരുന്നു തലയില്‍. അങ്ങനെ ചെറിയ സിനിമകള്‍ ചെയ്തുകൊണ്ടിരുന്നു. പ്ലസ് വണ്ണിന് പഠിക്കുന്ന സമയമായിരുന്നു. സ്‌കൂള്‍ ആനിവേഴ്‌സറിയുടെ സമയത്ത് ഞങ്ങള്‍ ഷൂട്ട് ചെയ്ത സിനിമ കാണിക്കാനുള്ള അവസരമുണ്ടായി.
500 വിദ്യാർത്ഥികള്‍ അന്ന് അവിടെ ഉണ്ടായിരുന്നു. 1.30 മണിക്കൂറുള്ള ഞങ്ങളുടെ സിനിമ കാണവേ പ്രേക്ഷകർ കയ്യടിക്കുന്നതും ചിരിക്കുന്നതും ഇമോഷണല്‍ ആവുന്നതുമെല്ലാം ഞങ്ങള്‍ കണ്ടു. ആ മൊമെന്റിലാണ് ഈ മേഖല തന്നെ തിരഞ്ഞെടുക്കാം എന്ന തോന്നല്‍ ഉണ്ടാകുന്നത്. ഈ നിമിഷത്തിലും എനിക്ക് തോന്നുന്നത് ഞാൻ ജീവിക്കുന്നത് എന്റെ സഹോദരന് കൂടി വേണ്ടിയാണ് എന്നാണ്. കാരണം, അവനായിരുന്നു എക്‌സട്രാവേർട്ട്.
ഡാൻസിലും പാട്ടിലും അഭിനയത്തിലുമെല്ലാം എന്നേക്കാള്‍ മികച്ച്‌ നിന്നത് അവനായിരുന്നു. അവൻ നഷ്ടപ്പെടുന്നത് വരെ ഞാനൊരു പഠിപ്പിസ്റ്റായിരുന്നു. ഐഐടിയും എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങും എംബിഎയുമെല്ലാമായിരുന്നു മനസില്‍. സിനിമയും മറ്റും ഇഷ്ടമായിരുന്നെങ്കിലും കരിയറായി ആലോചിച്ചിരുന്നില്ല. പക്ഷെ അവൻ പോയതോടെ, അവനും കൂടി ഇഷ്ടമുള്ളതായിരിക്കണം ഞാൻ ചെയ്യേണ്ടത് എന്ന് തീരുമാനിക്കുകയായിരുന്നു...’’ വിശാഖ് നായര്‍ പറഞ്ഞു. ‘അണ്‍ഫില്‍റ്റേർഡ് വിത്ത് അപർണ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടൻ മനസുതുറന്നത്‌. വിശാഖിന് സ്‌നേഹം അറിയിച്ചും സഹോദരനെ നഷ്ടപ്പെട്ടതിലെ വേദനയില്‍ ചേർത്തുപിടിച്ചുകൊണ്ടും നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. അവതാരക ആ മനസ്സിന്റെ വേദന മനസ്സിലാക്കിയാണ് സംസാരിക്കുന്നതെന്നാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്. വിശാഖിനെ ഓർത്ത് സഹോദരൻ ഇപ്പോള്‍ ഏറെ അഭിമാനിക്കുന്നുണ്ടാകും എന്ന അവതാരകയുടെ വാക്കുകള്‍ക്ക് നിറഞ്ഞ പ്രശംസയും പലരും കമന്റുകളില്‍ കുറിക്കുന്നു.

2026 ലെ ആദ്യ ഇൻഡസ്ട്രി ഹിറ്റ് ആകാൻ ഒരുങ്ങുകയാണ് ‘ചത്താ പച്ച - റിങ് ഓഫ് റൗഡീസ്’. അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അർജുൻ അശോകൻ, വിശാഖ് നായർ, റോഷൻ മാത്യു എന്നിവരുടെ അഭിനയത്തിനു പത്തിൽ പത്തു മാർക്കാണ് സിനിമാപ്രേമികൾ നൽകിയിരിക്കുന്നത്. മികച്ച പ്രതികരണം നേടിയാണ് സിനിമ മുന്നേറുന്നത്. സിനിമ ആഗോളതലത്തില്‍ 25 കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കി.മമ്മൂട്ടിയുടെ കാമിയോ റോളും ചിത്രത്തിന് വലിയ ഹൈപ്പാണ് നല്‍കിയിരിക്കുന്നത്.

Ads by Google
Thursday 29 Jan 2026 09.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW