-->
മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത് 2000-ത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ' ദാദാ സാഹിബ്'. ദാദാ മുഹമ്മദ് സാഹിബ്, അബൂബക്കര്‍ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. ഇപ്പോഴിതാ, ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ഒരു വേഷത്തിലേക്ക് മറ്റൊരു നടനെ ആണ് ആദ്യം ചിന്തിച്ചിരുന്നതെന്നും പിന്നീടാണ് മമ്മൂട്ടിയെ തീരുമാനിച്ചതെന്നും വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വിനയന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിനയന്‍ ഇക്കാര്യം പറയുന്നത്.
വിനയന്റെ കുറിപ്പ് :
'ദാദാ സാഹിബ്'' പ്ലാന്‍ ചെയ്യുന്ന സമയത്ത് ദാദാമുഹമ്മദ് സാഹിബ് എന്ന അച്ഛന്‍ കഥാപാത്രം മമ്മുക്ക അവതരിപ്പിക്കാനും മകന്‍ അബൂബക്കറിന്റെ വേഷം വേറെ ആര്‍ട്ടിസ്റ്റ് ചെയ്താല്‍ മതിയെന്നും ചിന്തിച്ചിരുന്നു... പക്ഷെ മരിച്ചെന്നു കരുതിയ അബൂബക്കര്‍ ബാപ്പയുടെ വേഷം കെട്ടി വന്ന് വില്ലന്‍മാരെ നേരിടുന്ന ചില സീനുകളില്‍ രണ്ടു വേഷവും മമ്മുക്ക തന്നെ ചെയ്യുന്നത് കൂടുതല്‍ വിശ്വസനീയവും രസകരവുമാകും എന്ന ചിന്തയിലാണ് രണ്ടും മമ്മുക്ക തന്നെ ചെയ്യാന്‍ തീരുമാനമെടുത്തത്..''.
വിനയന്റെ കഥയ്ക്ക് എസ്. സുരേഷ് ബാബു ആയിരുന്നു തിരക്കഥ ഒരുക്കിയത്. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ദാദാ സാഹിബില്‍ മമ്മൂട്ടിക്കൊപ്പം സായികുമാര്‍, മുരളി, ആതിര, രാജന്‍ പി. ദേവ്, ബാബു നമ്പൂതിരി, കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി, ഗണേഷ് കുമാര്‍, മധുപാല്‍ തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്.