-->
തിരുവനന്തപുരം: കേരളത്തെ സ്വന്തം ജന്മദേശം പോലെ നെഞ്ചിലേറ്റിയ ശാരദയെ ആദരിക്കുന്നതു മലയാള സിനിമയുടെ സമ്പന്നമായ ചരിത്രത്തെ ആദരിക്കലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയല്‍ പുരസ്‌കാരം നടി ശാരദയ്‌ക്കു മുഖ്യമന്ത്രി സമ്മാനിച്ചു.
2024ലെ കേരള സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം മുഖ്യമന്ത്രി നിര്‍വഹിച്ചു. മലയാള സിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കൊണ്ടുവന്നത് ശാരദയാണെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു. തുലാഭാരം, സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലഭിച്ച ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. 'ഭ്രമയുഗം' എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ മമ്മൂട്ടിയെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മമ്മൂട്ടിക്ക് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിക്കുന്നതിലുള്ള സന്തോഷം അദ്ദേഹം വേദിയില്‍ പങ്കുവെച്ചു.
മലയാള സിനിമയുടെ 35 വിഭാഗങ്ങളില്‍ മികവ് തെളിയിച്ച കലാകാരന്മാര്‍ക്കുള്ള അംഗീകാരമാണിതെന്നും മലയാള സിനിമയുടെ കലാപരമായ വളര്‍ച്ചയെ ചരിത്രപരമായി അടയാളപ്പെടുത്തുക എന്ന ദൗത്യമാണ് ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്നും ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
മമ്മൂട്ടി, ടൊവീനോ തോമസ്, ആസിഫ് അലി, വേടന്‍, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്‍, ചിദംബരം, ഫാസില്‍ മുഹമ്മദ്, സുഷിന്‍ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു. നടി പായല്‍ കപാഡിയ്‌ക്കു പകരം അവാര്‍ഡിന് അര്‍ഹമായ സിനിമയിലെ പ്രധാന അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. സംവിധായകന്‍ അമല്‍ നീരദിന് പകരം ജ്യോതിര്‍മയിയും ദര്‍ശന രാജേന്ദ്രനു പകരം നീരജ രാജേന്ദ്രനും പുരസ്‌കാരം സ്വീകരിച്ചു.
ചലച്ചിത്ര അവാര്‍ഡുകളുടെ സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ പുസ്‌തകത്തിന്റെ പ്രകാശനം മന്ത്രി വി. ശിവന്‍കുട്ടി, മന്ത്രി ജി.ആര്‍. അനിലിന് നല്‍കി നിര്‍വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍പഴ്‌സണ്‍ ഡോ.റസൂല്‍ പുക്കുട്ടി ആമുഖപ്രഭാഷണം നടത്തി. ജൂറി ചെയര്‍പഴ്‌സണും നടനുമായ പ്രകാശ് രാജ് ചലച്ചിത്രവിഭാഗം ജൂറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സാംസ്‌കാരിക വകുപ്പ് ഡയറക്‌ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ജൂറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വി.കെ. പ്രശാന്ത് എം.എല്‍.എ, മേയര്‍ വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, രചനാവിഭാഗം ജൂറി ചെയര്‍പഴ്‌സണ്‍ മധു ഇറവങ്കര, കെ.എസ്.എഫ്.ഡി.സി ചെയര്‍പഴ്‌സണ്‍ കെ. മധു, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പഴ്‌സണ്‍ കുക്കു പരമേശ്വരന്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെ.എസ്. ഹരിശങ്കര്‍, സെബ ടോമി എന്നിവര്‍ നയിക്കുന്ന സംഗീതപരിപാടിയും നടന്നു.