Thursday, March 12, 2026 Last Updated 45 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 07.27 AM

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; 4 പുതിയ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

uploads/news/2026/01/822143/narendra-modi.jpg

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി വിജയത്തിന്റെ ആഘോഷമാക്കി മോദിയുടെ വരവിനെ ബി.ജെ.പി മാറ്റും. തിരുവനന്തപുരത്ത് നാല് പുതിയ ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിക്കും. രാവിലെ 10.15ന് തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടല്‍, ഫ്‌ളാഗ് ഓഫ് കര്‍മങ്ങള്‍ നിര്‍വഹിക്കും.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി.ജെ.പി. പിടിച്ചടക്കിയ ആവേശം ബാക്കിനില്‍ക്കെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ തുടക്കമാകും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രത്യേക തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരവികസനത്തിന് പുത്തന്‍ പ്രതീക്ഷകളുമായി ബി.ജെ.പിയുടെ സമ്പൂര്‍ണ വികസനരേഖ പുറത്തിറക്കും. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന ഈ പദ്ധതി തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം മെട്രോ മുതല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനപദ്ധതികള്‍ വരെ മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുന്നു. 2030-ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളില്‍ ഒന്നാക്കി മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

ഗംഗാ ശുചീകരണത്തിന്റെ മാതൃകയില്‍ കരമനയാര്‍, കിള്ളിയാര്‍, തെറ്റിയാര്‍ തുടങ്ങിയവയുടെ സംരക്ഷണവും ശുദ്ധീകരണവും വികസനരേഖയിലെ പ്രധാന ഇനമാകും. ഖരമാലിന്യ സംസ്‌കരണത്തിനായി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ രണ്ടാം ഘട്ടം ഉപയോഗപ്പെടുത്തും. വികേന്ദ്രീകൃത പ്ലാന്റുകളും സ്ഥാപിക്കും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വികസനത്തിനാണ് മുന്‍ഗണന. പൂന്തുറ, ഹാര്‍ബര്‍ മേഖലകളില്‍ പുതിയ സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കും. ഇതിനായി കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പുകളുടെ ഫണ്ട് വിനിയോഗിക്കും. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള ബാലരാമപുരം ഭൂഗര്‍ഭപാതയും തീരദേശ വികസനം, ഐടി, ടൂറിസം മേഖലകളിലെ പുതിയ പദ്ധതികളും നഗരം ഉറ്റുനോക്കുന്നു.

തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഇന്നവേഷന്‍ ഹബ്ബിന് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തും. ആയുര്‍വേദ ഗവേഷണം, ഗ്രീന്‍ ഹൈഡ്രജന്‍, ബയോമാനുഫാക്ചറിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ക്ക് ഈ കേന്ദ്രം നേതൃത്വം നല്‍കും. ഫെബ്രുവരിയില്‍ അഞ്ചു ദിവസത്തെ നഗരവികസന കോണ്‍ക്‌ളേവ് സംഘടിപ്പിക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. ഉച്ചയ്ക്ക് 12:40ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW