-->
കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പ്രാര്‍ഥനാ കൂട്ടായ്‌മയില്‍ പങ്കെടുത്ത സ്‌ത്രീകള്‍ക്കുനേരേ അജ്‌ഞാതന്‍ സ്‌ഫോടകവസ്‌തുക്കളെറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 7.45-നാണ് സംഭവം. ആക്രമണത്തിന് 14 സ്‌ത്രീകള്‍ ഇരകളായെങ്കിലും ആര്‍ക്കും പരുക്കില്ലെന്നു പോലീസ് അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുര്‍ബാനത്തര്‍ക്കവുമായി ബന്ധപ്പെട്ടു സഭാ അനുകൂലികളായ വിശ്വാസികള്‍ നാല്‍പതിലേറെ ദിവസമായി നടത്തുന്ന പ്രാര്‍ഥനാ കൂട്ടായ്‌മയില്‍ പങ്കെടുത്തശേഷം ദേവാലയത്തില്‍നിന്നു വീടുകളിലേക്കു പോയ സ്‌ത്രീകള്‍ക്കുനേരേയായിരുന്നു ആക്രമണം. സമീപത്തെ ആള്‍ത്തിരക്കില്ലാത്ത റോഡില്‍നിന്ന് ആക്രമണം നടത്തിയശേഷം അക്രമി രക്ഷപ്പെട്ടതായി സമീപവാസികള്‍ പറയുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം രാത്രിതന്നെ സ്‌ഫോടനം നടന്ന സ്‌ഥലത്തും സമീപത്തെ കെട്ടിടങ്ങളിലെ സി.സി. ടിവികളിലും പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു. ഇന്നലെ രാവിലെയും പോലീസ് സ്‌ഥലത്തെത്തി വിശദമായ പരിശോധനകളും അന്വേഷണവും തുടര്‍ന്നു. സമീപത്തെ രണ്ടു കടകളില്‍നിന്നുകൂടി സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചാല്‍ പ്രതിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പോലീസ് കരുതുന്നത്.
പ്രാര്‍ഥനാ കൂട്ടായ്‌മയ്‌ക്കെത്തുന്നവര്‍ക്കുനേരേ ചിലര്‍ വൈകുന്നേരങ്ങളില്‍ ഗേറ്റിനു സമീപം തമ്പടിച്ച് ആക്രമണത്തിനു ശ്രമിക്കുകയും മാരകായുധങ്ങളുമായി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്‌തിരുന്നതായി വിശ്വാസികള്‍ ആരോപിച്ചിരുന്നു. ദേവാലയത്തിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്‌ഛേദിച്ചതായും ആരോപണമുയര്‍ന്നിരുന്നു. പോലീസെത്തിയായിരുന്നു ഇവ പുനഃസ്‌ഥാപിച്ചത്.
ഇത്തരം സംഭവങ്ങള്‍ നടന്നപ്പോള്‍ ബസിലിക്കയിലെ രണ്ടു സഹവൈദികരും പ്രശ്‌നക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പ്രാര്‍ഥനാ കൂട്ടായ്‌മയ്‌ക്കു നേതൃത്വം നല്‍കുന്നവര്‍ ആരോപിച്ചു. പോലീസിന്റെ സ്‌ഥിരം സാന്നിധ്യം ഉറപ്പാക്കിയതോടെയായിരുന്നു പ്രശ്‌നങ്ങള്‍ക്കു ശമനമുണ്ടായത്.
മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനിയുടെ അറിവോടെയാണു സഭാവിരുദ്ധരായ ഏതാനും പേര്‍ വിശ്വാസികള്‍ക്കുനേരേ ആക്രമണം നടത്തുന്നതെന്നു വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കുര്‍ബാന തര്‍ക്കത്തെത്തുടര്‍ന്നു കലുഷിതമായ സാഹചര്യത്തില്‍ നടന്ന സ്‌ഫോടകവസ്‌തു ആക്രമണം കൂടുതല്‍ ആശങ്കകള്‍ക്കു വഴിവച്ചിട്ടുണ്ട്.