Sunday, March 15, 2026 Last Updated 8 Min 19 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Tuesday 20 Jan 2026 11.34 PM

സംഭവം നടന്നിട്ട് 15 വര്‍ഷം; ഗവേഷകയെ ട്രെയിനില്‍നിന്നു തള്ളിയിട്ടു കൊന്ന കേസില്‍ വിചാരണ തുടങ്ങാന്‍ ഹര്‍ജി, വിചാരണക്കോടതിയോട് മറുപടി ചോദിച്ച് ഹൈക്കോടതി

2011 ഏപ്രില്‍ 25-ന്‌ കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ ഇന്ദുവിനെ പിന്നീട്‌ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോഴിക്കോട്‌ എന്‍.ഐ.ടിയിലെ അസിസ്‌റ്റന്റ്‌ പ്രഫസറായിരുന്ന സുഭാഷാണു കേസിലെ പ്രതി
uploads/news/2026/01/821802/High-court.jpg

കൊച്ചി: തിരുവനന്തപുരം സ്വദേശിനിയായ ഗവേഷക കെ.ഇന്ദുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ തുടങ്ങണമെന്നാവശ്യപ്പെട്ട്‌ പിതാവ്‌ ഹൈക്കോടതിയെ സമീപിച്ചു. 2011 ഏപ്രില്‍ 25-ന്‌ കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ ഇന്ദുവിനെ പിന്നീട്‌ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോഴിക്കോട്‌ എന്‍.ഐ.ടിയിലെ അസിസ്‌റ്റന്റ്‌ പ്രഫസറായിരുന്ന സുഭാഷാണു കേസിലെ പ്രതി. ഇയാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാല്‍, 15 വര്‍ഷമായിട്ടും വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ല.

തനിക്കു പ്രായമായെന്നും മരണാവസ്‌ഥയിലാണെന്നും അതിനാല്‍ വിചാരണ തുടങ്ങാന്‍ കീഴ്‌കോടതിയ്‌ക്കു നിര്‍ദേശം നല്‍കണമെന്നും ഇന്ദുവിന്റെ പിതാവ്‌ തിരുവനന്തപുരം സ്വദേശി എന്‍. കൃഷ്‌ണന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി മറുപടി നല്‍കാന്‍ എറണാകുളം അഡീ. സെഷന്‍സ്‌ കോടതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഹര്‍ജി അടുത്തമാസം മൂന്നിനു വീണ്ടും പരിഗണിക്കും.

എന്‍.ഐ.ടിയില്‍ ഗവേഷകയായിരുന്ന ഇന്ദുവിനെ സഹയാത്രികനായ സുഭാഷ്‌ ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്നു ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച്‌ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇന്ദുവിനെ ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ട്‌ കൊലപ്പെടുത്തിയതാണെന്നും പെരിയാറില്‍ വീണ്‌ തലയിടിച്ചാണ്‌ മരണം സംഭവിച്ചതെന്നും ക്രൈംബ്രാഞ്ച്‌ ഹൈക്കോടതിയെ അറിയിച്ചത്‌.

സുഭാഷിനെ ബലാത്സംഗക്കുറ്റത്തില്‍നിന്ന്‌ ഒഴിവാക്കിയതിനെതിരേ ഇന്ദുവിന്റെ പിതാവ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ്‌ ഇന്നും തീര്‍പ്പായിട്ടില്ല. 2011 ഏപ്രില്‍ 25നു കോഴിക്കോട്‌ വച്ച്‌ ഇന്ദുവിനെ വിവാഹം രജിസ്‌റ്റര്‍ ചെയ്‌ത് സിക്കിമിലേക്ക്‌ കൊണ്ടുപോകാന്‍ സുഭാഷ്‌ ക്രമീകരണങ്ങള്‍ ചെയ്‌തിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. അഭിഷേക്‌ എന്ന വ്യക്‌തിയുമായുള്ള വിവാഹത്തില്‍ നിന്ന്‌ ഇന്ദുവിനെ പിന്തിരിപ്പിക്കാന്‍ സുഭാഷ്‌ ശ്രമിച്ചു. ഏപ്രില്‍ 24ന്‌ യാത്രയ്‌ക്കിടെ, അഭിഷേകിനെ വിവാഹം കഴിക്കാനുള്ള പദ്ധതിയില്‍ നിന്ന്‌ പിന്മാറണമെന്നു സുഭാഷ്‌ നിര്‍ബന്ധിച്ചു, പക്ഷേ ഇന്ദു തീരുമാനത്തില്‍ ഉറച്ചുനിന്നു. അര്‍ദ്ധരാത്രി രണ്ടുമണിയോടെ, സുഭാഷ്‌ കമ്പാര്‍ട്ടുമെന്റിന്റെ വാതിലിനടുത്തേക്കു ഇന്ദുവിനെ കൊണ്ടുപോയി തള്ളിയിട്ടെന്നാണു കേസ്‌.

ജെബി പോള്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW