-->
കല്‍പ്പറ്റ: വിഭാഗീയതയെയും ഉള്‍പ്പാര്‍ട്ടി പോരിനെയും തുടര്‍ന്ന് സിപിഐഎമ്മിന് തിരിച്ചടി നല്‍കിക്കൊണ്ട് വയനാട് ജില്ല മുതിര്‍ന്ന നേതാവ് എ വി ജയന്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ വേട്ടയാടുന്നു എന്നാരോപിച്ചാണ് നടപടി. തന്നെ വേട്ടയാടാന്‍ വേണ്ടി പാര്‍ട്ടിക്കുള്ളിലെ ചിലര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് നടത്തിയിട്ടുള്ളത്.
സിപിഐഎമ്മില്‍ ഇനിയും തുടര്‍ന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെനാളായി വയനാട് ജില്ലയിലെ സിപിഐഎമ്മില്‍ നിലനില്‍ക്കുന്ന ഉള്‍പ്പാര്‍ട്ടി പോര്് ഇതോടെ മറനീക്കീ പുറത്തുവരുന്ന സ്ഥിതിയാണുള്ളത്. പാര്‍ട്ടിയില്‍ ഭീഷണിയുടെ സ്വരത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്. പാര്‍ട്ടിവിവരങ്ങള്‍ ചോര്‍ത്തുന്നത് പോലെയുള്ള ആസൂത്രിതമായ അട്ടിമറികള്‍ സിപിഐഎമ്മിന് ഒരിക്കലും ഗുണം ചെയ്യില്ലെന്നും എവി ജയന്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷക സംഘത്തിന്റെ മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന എ വി ജയന്‍ ജില്ല സമ്മേളനത്തില്‍ ശശീന്ദ്രന്‍-റഫീഖ് വിഭാഗങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പിന്നീട് ജയനെതിരായ പാര്‍ട്ടി നടപടികളുണ്ടാകുന്നത്. സാമ്പത്തിക ക്രമക്കേടുകള്‍ കൂടി ആരോപിച്ച് ബ്രാഞ്ചിലേക്ക് വരെ തരംതാഴ്ത്തുന്ന സാഹചര്യവും ഉണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ എ വി ജയനെ മത്സരിപ്പിക്കാതിരിക്കാനുള്ള നീക്കം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അണികള്‍ക്കിടയില്‍ നിന്ന് സമ്മര്‍ദത്തിന് ഒടുവില്‍ കേണിച്ചിറ വാര്‍ഡില്‍ മത്സരിപ്പിച്ചു.
പഞ്ചായത്തില്‍ ആകെയുള്ള 23 വാര്‍ഡില്‍ യുഡിഎഫ് 10, എല്‍ഡിഎഫ് 10 എന്നിങ്ങനെയായിരുന്നു കക്ഷി നില. യുഡിഎഫിനും എല്‍ഡിഎഫിനും തുല്യനില വന്നതോടെ പ്രസിഡന്റ സ്ഥാനം നറുക്കെടുപ്പിലേക്ക് നീങ്ങി. എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എവി ജയന്‍ എന്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇ കെ ബാലകൃഷ്ണനെയായിരുന്നു പാര്‍ട്ടി മത്സരിപ്പിച്ചത്.
നറുക്കെടുപ്പില്‍ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ തന്നെ വോട്ട് അസാധുവായതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം എ വി ജയനും മറ്റൊരു അംഗമായ പ്രസാദും വിട്ടുനിന്നതും അന്ന് തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. പാര്‍ട്ടിവിട്ട എവി ജയന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാര്യത്തില്‍ ഇനി എന്ത് തീരുമാനം എടുക്കും എന്നുള്ളത് നിര്‍ണ്ണായകമാണ്. എവി ജയനോ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന അംഗങ്ങളോ രാജിയിലേക്ക് നീങ്ങിയാല്‍ ഇടതിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമാകും.