-->
തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫില്‍ ചേക്കേറാന്‍ പദ്ധതിയിടുന്നതായുള്ള വാര്‍ത്തകള്‍ക്കിടയില്‍ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ എല്‍ഡിഎഫില്‍ തുടരുമെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. പിണറായി വിജയനും ബിനോയ് വിശ്വത്തിനും ഒപ്പമുള്ള ചിത്രം 'തുടരും' എന്ന ക്യാപ്ഷനിലാണ് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയും എം വി ഗോവിന്ദനും ബിനോയ് വിശ്വവുമടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള നേതാക്കള്‍ക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. റോഷി അഗസ്റ്റിന്‍ പോസ്റ്റിട്ടതിന് പിന്നാലെ 'തുടരും' എന്ന ക്യാപ്ഷനില്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രം പ്രമേദ് നാരായണന്‍ എംഎല്‍എയും രംഗത്തെത്തി. അതേസമയം ഇത് കേരളാകോണ്‍ഗ്രസിലെ ഭിന്നതയെ സൂചിപ്പിക്കുന്നതാണെന്ന് കൂടി വിലയിരുത്തപ്പെടുന്നുണ്ട്.
മന്ത്രി റോഷി അഗസ്റ്റിന്‍, പ്രമോദ് നാരായണന്‍ എംഎല്‍എ, ഇടുക്കി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് യുഡിഎഫ് പ്രവേശത്തെ എതിര്‍ക്കുന്നത്. തിരുവനന്തപുരത്ത് വച്ച് നടന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃയോഗത്തില്‍ ഇക്കാര്യത്തില്‍ റോഷി അഗസ്റ്റിന്‍ നിലപാട് എടുക്കുക പോലും ചെയ്തതായിട്ടാണ് വിവരം. ഇതേ തുടര്‍ന്ന് ജോസ് കെ മാണിയുമായി ചെറിയ വാക്വാദങ്ങളും നടന്നുവെന്നും വിവരമുണ്ട്.
അതേസമയം, ജോസ് കെ മാണിയെ തിരികെയെത്തിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ടതായാണ് സൂചന. പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കള്‍ക്കും യുഡിഎഫിലേക്ക് തിരിച്ചുപോകണമെന്ന അഭിപ്രായമാണ് ഉള്ളത്. എല്‍ഡിഎഫില്‍ നിന്നും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നാണ് പരാതി.