-->
തിരുവനന്തപുരം: ഗവര്‍ണര്‍ നല്‍കിയ ചായസല്‍ക്കാരത്തിനു ചുവപ്പു വസ്‌ത്രമണിഞ്ഞ് ഇടതു കൗണ്‍സിലര്‍മാര്‍ എത്തിയതു കൗതുകമായി. അതേസമയം, ശാസ്‌തമംഗലം വാര്‍ഡിലെ കൗണ്‍സിലറും ബി.ജെ.പി. പ്രതിനിധിയുമായ ആര്‍. ശ്രീലേഖയുടെ അസാന്നിധ്യം ശ്രദ്ധേയമായി.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ലോക്‌ഭവനില്‍ ഒരുക്കിയ ചായസല്‍ക്കാരമാണ് കൗതുകം സൃഷ്‌ടിച്ചത്. കോര്‍പ്പറേഷനില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നതിനു പിന്നാലെയായിരുന്നു കൗണ്‍സിലര്‍മാരെ ഗവര്‍ണര്‍ ക്ഷണിച്ചത്. ഇന്നലെ വൈകിട്ടു നാലിനു വിരുന്ന് ആരംഭിച്ചു. കൗണ്‍സിലര്‍മാരെ ഷാള്‍ അണിയിച്ച് ഗവര്‍ണര്‍ സ്വീകരിച്ചു.
അധികാരത്തിലെത്തിയ ബി.ജെ.പി, മേയര്‍ സ്‌ഥാനത്തേക്കു തന്നെ പരിഗണിക്കാത്തതില്‍ ആര്‍. ശ്രീലേഖ കടുത്ത അതൃപ്‌തിയിലായിരുന്നു. എന്നാല്‍, വ്യക്‌തിപരമായ അസൗകര്യംമൂലമാണു ശ്രീലേഖ എത്താഞ്ഞതെന്നാണ് വിവരം.
ഇടത്, യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ മുമ്പു വ്യക്‌തത വന്നിരുന്നില്ല.