-->
പാലക്കാട്: വിവാദമായ മാറാട് പരാമര്‍ശത്തില്‍ മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ മനസ്സില്ലെന്ന് സിപിഐഎം നേതാവ് എ കെ ബാലന്‍. ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ താന്‍ പരാമര്‍ശം തിരുത്തുമെന്നും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി അയച്ച വക്കീല്‍ നോട്ടീസിലായിരുന്നു പ്രതികരണം.
ജയിലില്‍ പോകാനാണ് അന്തിമ വിധിയെങ്കില്‍ അത് സന്തോഷപൂര്‍വ്വം സ്വീകരിച്ച് ജയിലില്‍ പോകുമെന്നും വിദ്യാര്‍ത്ഥി ജീവിതത്തില്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 30 ദിവസം ജയിലില്‍ കിടന്നയാളാണ് താനെന്നും എന്‍ജിഒ അധ്യാപക സമരവുമായി ബന്ധപ്പെട്ടും റിമാന്‍ഡിലായിട്ടുണ്ടെന്നും പറഞ്ഞു. മന്ത്രിയായിരുന്നപ്പോഴുള്ള കേസില്‍ രണ്ടര വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു.
കേസും കോടതിയും പുത്തരിയല്ല. വക്കീല്‍ നോട്ടീസില്‍ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. മതസൗഹാര്‍ദ്ദത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയും വാക്കും തന്നില്‍ നിന്നും ഉണ്ടായിട്ടില്ല. ന്യൂനപക്ഷ വിരുദ്ധ മനസ്സിന്റെ ഉടമയാണ് താന്‍ എന്ന് വരുത്താനാണ് ശ്രമം. മതന്യൂനപക്ഷ വിരുദ്ധ സമീപനം ഇന്നേവരെ തന്നില്‍നിന്ന് ഉണ്ടായിട്ടില്ല. മാധ്യമങ്ങളോട് താന്‍ പറഞ്ഞത് തെറ്റായി വളച്ചൊടിച്ചുവെന്നും എ കെ ബാലന്‍ പറഞ്ഞു. ഖുര്‍ആനില്‍ മുനാഫിക്കുകളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഈമാനുള്ള കമ്മ്യൂണിസ്റ്റ് ആണ് താന്‍ എന്നും എ കെ ബാലന്‍ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്ലാമിക്കായിരിക്കുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമായിരുന്നു എ കെ ബാലന്റെ വിവാദ പ്രസ്താവന. ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ജമാ അത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചത്. സോഷ്യലിസ്റ്റ് ആശയം ഉള്‍ക്കൊണ്ട് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് താന്‍.
ഭരണഘടനയെ ബഹുമാനിക്കുന്നുണ്ടോ, മത രാഷ്ട്രവാദമാണോ ലക്ഷ്യം എന്ന് വ്യക്തമാക്കിട്ട് വേണമായിരുന്നു ജമാഅത്തെ ഇസ്ലാമി ഹിന്ദ് തനിക്ക് വക്കീല്‍ നോട്ടീസ് അയക്കാനെന്നും പറഞ്ഞു. ഖുര്‍ആന്‍ മലയാള പരിഭാഷയുമായാണ് എ കെ ബാലന്‍ പത്രസമ്മേളനത്തിലെത്തിയത്.