Sunday, March 15, 2026 Last Updated 20 Min 3 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Saturday 10 Jan 2026 10.11 AM

രാജീവരെ അന്വേഷണപരിധിയില്‍ എത്തിച്ചത്‌ വാജിവാഹനം, ആന്ധ്രയിലെ വ്യവസായിക്ക്‌ സൂക്ഷിക്കാനായി നല്‍കി, സാമ്പത്തിക നേട്ടത്തിനെന്ന് എസ്‌.ഐ.ടി. കണ്ടെത്തല്‍

സ്വര്‍ണ കൊടിമരം പുതുക്കി സ്‌ഥാപിക്കുന്നതിനു മുമ്പു പഴയ കൊടിമരവും അതിനു മുകളില്‍ സ്‌ഥാപിച്ചിരുന്ന അയ്യപ്പ വാഹനരൂപവും അഴിച്ചുമാറ്റിയിരുന്നു. അത്‌ എവിടേക്കു മാറ്റിയെന്നതു സംബന്ധിച്ചു യാതൊരു സ്‌ഥിരീകരണവും ദേവസ്വം ബോര്‍ഡ്‌ ഇതുവരെ നല്‍കിയിട്ടില്ല.
Kerala

കൊച്ചി : തന്ത്രി കണ്‌ഠര്‌ രാജീവര്‌ എസ്‌.ഐ.ടിയുടെ അന്വേഷണപരിധിയില്‍ വരുന്നത്‌ പഴയ കൊടിമരത്തിലെ ശബരിമല വാജിവാഹനം തിരിച്ചെടുക്കല്‍ നടപടിയെത്തുടര്‍ന്ന്‌. വാജിവാഹനം തന്ത്രി ആന്ധ്രയിലെ ഒരു വ്യവസായിക്ക്‌ സൂക്ഷിക്കാനായി നല്‍കിയെന്നാണു കണ്ടെത്തിയത്‌. പലര്‍ക്കും ഇത്തരത്തില്‍ സൂക്ഷിക്കാനായി നല്‍കുകവഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ്‌ എസ്‌.ഐ.ടിയുടെ കണ്ടെത്തല്‍.

ഇതുപോലെ കട്ടിളപ്പാളിയും ദ്വാരപാലകശില്‍പ പീഠവും സ്വര്‍ണം പൂശാനെന്ന പേരില്‍ കടത്തിക്കൊണ്ടുപോയി പലരുടെയും വീടുകളിലെത്തിച്ചു പൂജ നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നു പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും മൊഴി. ഇതോടെയാണു സ്വര്‍ണക്കൊള്ള തന്ത്രിയുടെ അറിവോടെയാണെന്ന നിഗമനത്തിലേക്ക്‌ അന്വേഷണസംഘം എത്തിയത്‌.

ചിരഞ്‌ജീവിക്കൊപ്പം സന്നിധാനത്തെത്തി വിവാദത്തില്‍ കുടുങ്ങിയ കുടുംബമാണ്‌ വാജിവാഹനം കൈവശംവച്ചതെന്നാണു സൂചന. 2017 ല്‍ കൊടിമരം മാറ്റിസ്‌ഥാപിച്ചപ്പോഴാണു പഴയ വാജിവാഹനം തന്ത്രിക്കു കൈമാറിയത്‌. വിവാദങ്ങളെത്തുടര്‍ന്നു വാജിവാഹനം തിരികെവാങ്ങണമെന്നു കഴിഞ്ഞ ഒക്‌ടോബറില്‍ തന്ത്രി കത്തുനല്‍കി. സ്വര്‍ണപ്പാളി വിവാദമായ സാഹചര്യത്തില്‍ പഴയ കൊടിമരവും കുതിര രൂപവും വിറ്റതാണെന്ന സംശയവും ഉയര്‍ന്നിരുന്നു. പിന്നാലെ തന്ത്രിയുടെ കത്തും പുറത്തുവന്നു.

പുതിയ കൊടിമരം സ്വര്‍ണംപൂശി സ്‌ഥാപിക്കാന്‍ ഹൈദരാബാദ്‌ ആസ്‌ഥാനമായ കമ്പനിക്ക്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ നല്‍കിയതിലും ദുരൂഹത ആരോപിക്കപ്പെട്ടു. എട്ടുവര്‍ഷംമുമ്പു സ്വര്‍ണ കൊടിമരവും അയ്യപ്പ വാഹനമായ കുതിരയുടെ രൂപവും സ്‌ഥാപിച്ചപ്പോള്‍ മുമ്പുണ്ടായിരുന്ന കുതിര രൂപം മാറ്റിയതായി സംശയമുയര്‍ന്നിരുന്നു. പത്തു കിലോയോളം തങ്കം ഉപയോഗിച്ചാണു സ്വര്‍ണ കൊടിമരം പുതുക്കി നിര്‍മിച്ചിരുന്നത്‌. പുതിയതു സ്‌ഥാപിക്കുന്നതിനു മുമ്പു പഴയ കൊടിമരവും അതിനു മുകളില്‍ സ്‌ഥാപിച്ചിരുന്ന അയ്യപ്പ വാഹനരൂപവും അഴിച്ചുമാറ്റിയിരുന്നു. അത്‌ എവിടേക്കു മാറ്റിയെന്നതു സംബന്ധിച്ചു യാതൊരു സ്‌ഥിരീകരണവും ദേവസ്വം ബോര്‍ഡ്‌ ഇതുവരെ നല്‍കിയിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW