-->
ശികാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രമാണ് പരാശക്തി. പൊങ്കല്‍ റിലീസായി ചിത്രം എത്തും. വിജയ് ചിത്രം ജനനായകനും പരാശക്തിയും ഒരുമിച്ചാണ് ബിഗ്‌സ്‌ക്രീനിലേക്ക് എത്തുന്നത്. റിലീസ് ചെയ്യുന്നതില്‍ വിജയ് ആരാധകര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ ' പരാശക്തി' യുടെ ഓഡിയോ ലോഞ്ചിനിടെ വികാരാധീനനായ ശിവകാര്‍ത്തികേയന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. തനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘടിതമായ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് താരം വെളിപ്പെടുത്തി. സിനിമ പുറത്തിറങ്ങുന്നതിന് മുന്നോടിയായി പണം നല്‍കി ചെയ്യിക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ വ്യക്തിപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ചതായും അദ്ദേഹം പറഞ്ഞു.
'പണം നല്‍കിയുള്ള സൈബര്‍ ആക്രമണങ്ങളെ ഞാന്‍ മുന്‍പും നേരിട്ടിട്ടുണ്ട്. സാധാരണയായി അവര്‍ക്ക് ചില അജണ്ടകളുണ്ടാകും, നെഗറ്റീവ് കാര്യങ്ങള്‍ പ്രചരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത്തവണ അത് പരിധി ലംഘിച്ചു. എന്റെ കുടുംബത്തെപ്പോലും ഇതിലേക്ക് വലിച്ചിഴച്ചു,'' എന്ന് ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കി.
ശിവകാര്‍ത്തികേയന്‍ സംസാരിക്കുമ്പോള്‍ വേദിയിലുണ്ടായിരുന്ന ഭാര്യ ആരതിയും അമ്മ രാജി ദോസും വികാരാധീനരായി. ഈ സാഹചര്യങ്ങള്‍ തന്റെ പ്രിയപ്പെട്ടവരെ എത്രത്തോളം ബാധിച്ചുവെന്ന് നടന്‍ വിവരിച്ചപ്പോള്‍ അമ്മയ്ക്ക് കണ്ണുനീര്‍ അടക്കാനായില്ല. '' ഇതെല്ലാം കണ്ടിട്ട് ' നിനക്ക് ആരുണ്ട്?' എന്ന് എന്റെ അമ്മ ചോദിച്ചു. പക്ഷേ ഇന്ന് എനിക്ക് അമ്മയോട് പറയാനുളളത്, എനിക്ക് കൂട്ടിനായി ലക്ഷക്കണക്കിന് ആളുകളുണ്ട് എന്നാണ്, '' ആരാധകരെ സാക്ഷിയാക്കി നടന്‍ പറഞ്ഞു. നടന്റെ വാക്കുകള്‍ വലിയ കൈയടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
അതേസമയം സുധ കൊങ്ങര ആണ് ' പരാശക്തി' സംവിധാനം ചെയ്യുന്നത്. ജനുവരി 10ന് ചിത്രം തിയേറ്ററുകളില്‍ എത്തും.