-->
കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരേ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. ആന്റണി രാജുവിനെതിരേ സ്വമേധയാ കേസെടുക്കും. അടുത്ത കൗണ്‍സില്‍ വിഷയം പരിഗണിച്ച് അച്ചടക്ക സമിതിക്കു വിടുമെന്ന് ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. ടി.എസ്. അജിത് പറഞ്ഞു.
മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണു വിഷയം പരിഗണിക്കുക. നടപടികളുടെ ഭാഗമായി ആന്റണി രാജുവിനും ബന്ധപ്പെട്ട കക്ഷികള്‍ക്കും നോട്ടീസ് നല്‍കും. വിശദമായ വാദം കേട്ടശേഷമായിരിക്കും നടപടികളിലേക്കു കടക്കുക. കോടതിയിലുള്ള തെളിവില്‍ ആന്റണി രാജു അട്ടിമറി നടത്തിയത് ഗുരുതരവും നാണക്കേടുമാണെന്നാണ് ബാര്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍.
ലഹരിക്കേസില്‍ പ്രതിയായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ അട്ടിമറിച്ച കേസിലാണ് മുന്‍ മന്ത്രിയും എം.എല്‍.എയുമായ ആന്റണി രാജുവിന് നെടുമങ്ങാട് കോടതി മൂന്നുവര്‍ഷം തടവും പിഴയും വിധിച്ചത്. തൊണ്ടിമുതലായ അടിവസ്‌ത്രം ക്ലാര്‍ക്കിന്റെ സഹായത്തോടെ കോടതിയില്‍നിന്നു പുറത്തെടുത്ത് വെട്ടിച്ചെറുതാക്കി തിരിച്ചുവയ്‌ക്കുകയായിരുന്നു. കൂട്ടുപ്രതിയായ മുന്‍ കോടതി ക്ലാര്‍ക്ക് ജോസിനെയും കോടതി ശിക്ഷിച്ചു. തൊണ്ടിമുതല്‍ അട്ടിമറി കേസില്‍ കുറ്റപത്രം നല്‍കി 19 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു വിധി. ഇതോടെ ആന്റണി രാജു അയോഗ്യനായി.