-->
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന് മുസ്ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. എത്ര സീറ്റ് ചോദിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂരിന് അപ്പുറത്തേക്കുള്ള ജില്ലകളില്‍ മുസ്‌ലിം ലീഗ് വലിയ മുന്നേറ്റമാണ് നടത്തിയത്. അതിനനുസരിച്ച് കൂടുതല്‍ സീറ്റ് ലഭിക്കണമെന്ന് പ്രവര്‍ത്തകരും നേതൃത്വവും ആഗ്രഹിക്കുന്നുണ്ട്. നിലവിലെ സീറ്റുകള്‍ മലബാര്‍ കേന്ദ്രീകരിച്ചാണുള്ളത്. തെക്കന്‍ കേരളത്തില്‍ നേരത്തെ മുസ്ലിം ലീഗ് മത്സരിച്ചിരുന്നു. അവിടെയും സീറ്റുകള്‍ക്ക് അര്‍ഹതയുണ്ട്. ലീഗിന് കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ ആനുപാതികമായി വനിതകള്‍ക്കുള്ള സീറ്റിലും വര്‍ധനവുണ്ടാകും. പുതുമുഖങ്ങളെയും അനുഭവസമ്പത്തുള്ളവരെയും സ്‌ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തും.
സിറ്റിങ് എം.എല്‍.എമാരില്‍ എല്ലാവരും മത്സരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. സ്‌ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കും. ചില സീറ്റുകള്‍ വച്ചുമാറണമെന്ന ആഗ്രഹം അണികള്‍ക്കുണ്ട്. ഇക്കാര്യം ചര്‍ച്ചയില്‍ മുന്നോട്ടുവയ്‌ക്കും. സീറ്റ് വച്ചുമാറുന്ന കാര്യത്തില്‍ ജയസാദ്ധ്യത മാത്രമാണ് പരിഗണിക്കുക.
കുഞ്ഞാലിക്കുട്ടി തന്നെ പാര്‍ട്ടിയെ നയിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുന്നണി ബന്ധമില്ല. പക്ഷെ വോട്ട് വേണ്ടെന്ന് പറയില്ല. മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ആരായിരിക്കണമെന്ന് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. അതില്‍ ലീഗിന് അഭിപ്രായമില്ല. 100 സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരും.
മുന്നണി വിപുലീകരണം ലീഗിന്റെ മാത്രം ആവശ്യമല്ല. എല്ലാ ഘടകകക്ഷികളും ആഗ്രഹിക്കുന്നുണ്ട്. ജോസ്.കെ.മാണി വിഭാഗത്തെ മുന്നണിയിലെത്തിക്കാന്‍ ശ്രമം തുടരും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണങ്ങളെ ജനം തള്ളിക്കളഞ്ഞതാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് അതാണ്. വെള്ളാപ്പള്ളിക്ക് ലീഗ് മറുപടി കൊടുക്കേണ്ടതില്ല എന്നാണ് നയം. ലീഗ് സഹിഷ്‌ണുതയും സഹവര്‍ത്തിത്വവുമുള്ള പാര്‍ട്ടിയാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ഗീയ ചേരിതിരിവിലേക്ക് പോകാന്‍ പാടില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.