-->
തൃശൂര്‍: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഭരണമുറപ്പിക്കാന്‍ യു.ഡി.എഫ് സ്വതന്ത്ര അംഗത്തിന് 50 ലക്ഷം രൂപ കോഴ വാഗ്‌ദാനം ചെയ്‌തെന്ന വിവാദത്തില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ ഉത്രാളിക്കാവ് ക്ഷേത്രപരിസരത്തുനിന്നു ബ്ലോക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ജി ജയദീപിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധയോഗം മുന്‍ എം.എല്‍.എ എം.പി വിന്‍സന്റ് ഉദ്‌ഘാടനം ചെയ്‌തു.
വള്ളത്തോള്‍ നഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം.ഐ ഷാനവാസ് സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തലേന്ന് മുസ്ലിം ലീഗ് സ്വതന്ത്ര അംഗം ഇ.യു ജാഫറിന് 50 ലക്ഷം രൂപയോ പ്രസിഡന്റ് സ്‌ഥാനമോ വാഗ്‌ദാനം ചെയ്‌തുവെന്ന ഓഡിയോക്ല ിപ്പ് പുറത്തു വന്നതോടെയാണ് വടക്കാഞ്ചേരിയില്‍ രാഷ്‌ട്രീയ സംഘര്‍ഷം ഉടലെടുത്തത്. കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും എല്‍.ഡി.എഫ് ഭരണസമിതി രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മാര്‍ച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം എത്തിയപ്പോള്‍ പോലീസ് സ്‌ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു.
ഇതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ബാരിക്കേഡിനു മുകളില്‍ കയറി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ ഉന്തുംതള്ളും പ്രദേശത്ത് പരിഭ്രാന്തി പരത്തി.