Friday, March 13, 2026 Last Updated 30 Min 56 Sec ago English Edition
Todays E paper
Ads by Google

വിചാരണ

Cherukara Sunny Lukose
Cherukara Sunny Lukose
Thursday 01 Jan 2026 11.36 PM

ബി.ജെ.പിയുടെ ബി ടീം; ആ തൊപ്പി ആര്‍ക്കാണ്‌ പാകമാകുക ?

പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ ബി.ജെ.പിയുടെ ബി ടീമാകുകയാണ്‌ കോണ്‍ഗ്രസ്‌ എന്ന്‌ ആരോപിക്കുമ്പോള്‍ സമീപകാല കേരള രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ നേരിട്ടു കണ്ടറിഞ്ഞ ജനങ്ങള്‍ പരിഹാസത്തോടെ ഒന്നു ചിരിക്കാതിരിക്കില്ല.
uploads/news/2026/01/818617/lk11.jpg

സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നോ നാലോ മാസംമാത്രമേ അവശേഷിക്കുന്നുള്ളൂ എന്നിരിക്കെ സി.പി.എം. സംസ്‌ഥാന കമ്മിറ്റി, പാര്‍ട്ടി ഇന്നുവരെ നേരിട്ടിട്ടില്ലാത്തത്ര കനത്ത പരാജയം തദ്ദേശസ്‌ഥാപന തെരഞ്ഞെടുപ്പില്‍ നേരിട്ടതിനെ എങ്ങനെ വിലയിരുത്തുന്നുവെന്നു രാഷ്‌ട്രീയ നിരീക്ഷകരെല്ലാം ആകാംക്ഷാപൂര്‍വം ശ്രദ്ധിച്ചിരുന്നു. സംസ്‌ഥാന കമ്മിറ്റി കൂടുന്നതിനു മുമ്പായി രണ്ടു തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിച്ച വിലയിരുത്തലിനപ്പുറം പുതുതായി ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ സംസ്‌ഥാന കമ്മിറ്റിക്കു കഴിഞ്ഞില്ലെന്നാണ്‌ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാര്‍ത്താസമ്മേളനത്തില്‍നിന്നു മനസിലാകുക.

മറ്റൊന്ന്‌, പതിവുപോലെ മതനിരപേക്ഷതയെക്കുറിച്ചു നേരത്തെ പാര്‍ട്ടി സെക്രട്ടറിയും ഇന്നലെ മുഖ്യമന്ത്രിയും നടത്തിയ സത്യസന്ധമല്ലാത്ത, ആത്മാര്‍ഥതയില്ലാത്ത, അങ്ങേയറ്റം കാപട്യം നിറഞ്ഞ, പ്രസ്‌താവനയാണ്‌. മത-ജാതി- വര്‍ഗീയ ശക്‌തികള്‍ക്കു കേരളത്തില്‍ സ്വീകാര്യതയുണ്ടാക്കാനുള്ള പ്രവര്‍ത്തനമാണ്‌ കോണ്‍ഗ്രസ്‌ നടത്തുന്നതെന്നും അവര്‍ മതനിരപേക്ഷ കേരളത്തിന്റെ അടിത്തറയാണ്‌ തകര്‍ക്കുന്നതെന്നും യു.ഡി.എഫ്‌. വിശ്വാസത്തെ രാഷ്‌ട്രീയത്തിന്‌ ഉപയോഗിച്ചുവെന്നും പറഞ്ഞ പാര്‍ട്ടി സെക്രട്ടറി ഇതുവഴി ബി.ജെ.പിയുടെ ബി ടീമാകുകയാണ്‌ കോണ്‍ഗ്രസ്‌ എന്ന്‌ ആരോപിക്കുമ്പോള്‍ സമീപകാല കേരള രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ നേരിട്ടു കണ്ടറിഞ്ഞ ജനങ്ങള്‍ പരിഹാസത്തോടെ ഒന്നു ചിരിക്കാതിരിക്കില്ല. കാരണം ബി.ജെ.പിയുടെ ബി ടീം എന്ന തൊപ്പി ആര്‍ക്കാണ്‌ പാകമാകുക എന്നു തിരിച്ചറിയാനുള്ള അവരുടെ വിവേചനശേഷിയെയാണ്‌ സഖാവ്‌ എം.വി. ഗോവിന്ദന്‍ ചോദ്യംചെയ്‌തിട്ടുള്ളത്‌.

തങ്ങള്‍ ഈശ്വരവിശ്വാസികള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണെന്ന്‌, മത-സാമുദായിക പ്രസ്‌ഥാനങ്ങളുമായി സഹകരണത്തിലാണെന്ന്‌, തുറന്നുപറയുന്നവരാണ്‌ കോണ്‍ഗ്രസുകാരും യു.ഡി.എഫും. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമെങ്കിലുമായി മത-സാമുദായിക നേതൃത്വങ്ങളുമായി യു.ഡി.എഫിനു പഴയതുപോലെ സഹകരണത്തിന്‌ അവസരമില്ലെന്നതും ജനങ്ങള്‍ കണ്ടുകൊണ്ടാണിരിക്കുന്നത്‌.
അതേസമയം, കേരളത്തില്‍ വര്‍ഗീയതയെ അകറ്റിനിര്‍ത്തുംവിധം ഉറച്ച മതനിരപേക്ഷ നിലപാട്‌ മുമ്പ്‌ സ്വീകരിച്ചിരിക്കുന്ന പാരമ്പര്യമുള്ളവരാണ്‌ സി.പി.എമ്മും ഇടതുപക്ഷവും. എല്ലാ സാമുദായിക കക്ഷികളെയും ഒഴിവാക്കി 1987ല്‍ വന്‍വിജയം നേടിയ ചരിത്രവും അവര്‍ക്ക്‌ അവകാശപ്പെടാനുണ്ട്‌. എന്നാല്‍, ബി.ജെ.പിയുടെ വളര്‍ച്ച തടഞ്ഞാലേ അധികാരം നേടാനും നിലനിര്‍ത്താനുമാകൂ എന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തില്‍ 2015 മുതലെങ്കിലും സി.പി.എം. മതവിശ്വാസവുമായി കൈകോര്‍ത്തു തുടങ്ങിയതുമുതലാണ്‌ കേരളത്തില്‍ മത-ജാതി-വര്‍ഗീയ ശക്‌തികള്‍ക്കു കൂടുതല്‍ സ്വീകാര്യതയുണ്ടായതെന്ന്‌ ഏതൊരു മലയാളിക്കും മനസിലാവുന്ന പച്ചപ്പരമാര്‍ഥമാണ്‌.
കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനം ഈ നാട്ടില്‍ വേരറ്റുപോകരുതെന്ന്‌ ആഗ്രഹിക്കുന്ന ഇടതുപക്ഷ മനസുള്ള ധാരാളം പേര്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനും യു.ഡി.എഫിനും ഇതാദ്യമായി വോട്ട്‌ രേഖപ്പെടുത്തിയത്‌ എന്തുകൊണ്ട്‌ എന്ന്‌ സി.പി.എം. സംസ്‌ഥാന കമ്മിറ്റി ചര്‍ച്ച ചെയ്‌തോ എന്നറിയില്ല. സി.പി.എമ്മിന്റെ പലതലത്തിലുള്ള നയവ്യതിയാനം അതിനു കാരണമാണെങ്കിലും ഇടതുപക്ഷ മനസുകളെ വ്രണപ്പെടുത്തിയ പ്രധാനപ്പെട്ട ഒരു നയവ്യതിയാനം മതനിരപേക്ഷതയുടെ കാര്യത്തിലായിരുന്നു.
ഏതു വിധേനയും തെരഞ്ഞെടുപ്പു ജയിക്കാന്‍ സി.പി.എം. വര്‍ഗീയതയോടു വിട്ടുവീഴ്‌ചയ്‌ക്കെന്നല്ല വര്‍ഗീയതയെ തുറുപ്പുചീട്ടാക്കി കളിച്ചു എന്നതു പല നല്ല കമ്യൂണിസ്‌റ്റുകാര്‍ക്കും അവിശ്വസനീയവും സങ്കടകരവുമായ കാഴ്‌ചയായിരുന്നു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പരാജയത്തെ മറികടക്കാന്‍ നവോത്ഥാനസംരക്ഷണത്തെ വഴിയിലുപേക്ഷിച്ച്‌, വിശ്വാസികളോടു വീടുതോറും നടന്ന്‌ തങ്ങള്‍ ആചാരസംരക്ഷണത്തിനും വിശ്വാസസംരക്ഷണത്തിനും ഒപ്പമാണെന്നു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതുമുതല്‍ സി.പി.എമ്മിന്റെ മതനിരപേക്ഷ നിലപാടിന്റെ വിശ്വാസ്യത നഷ്‌ടമായതാണ്‌. ഇതുപോലെ യു.ഡി.എഫിന്റെ ൈക്രസ്‌തവ വോട്ട്‌ ബാങ്കിനെ ചോര്‍ത്തണമെങ്കില്‍ അവരില്‍ മുസ്ലിം വിരുദ്ധത ഇന്‍ജക്‌ട്‌ ചെയ്യുകയാണ്‌ ഏറ്റവും എളുപ്പം എന്ന കൗശലം പ്രയോഗിക്കപ്പെട്ടതും 2019-2021 കാലഘട്ടത്തിലാണ്‌. സോഷ്യല്‍ എന്‍ജിനീയറിങ്‌ എന്ന പേരില്‍ മത -സാമുദായിക വോട്ട്‌ ബാങ്കുകളെ സ്വാധീനിക്കാന്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഇത്രയേറെ വാരിക്കോരിക്കൊടുക്കുന്നതും 2016-നുശേഷമാണ്‌ കേരളം കാണുന്നത്‌.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ആദ്യം കൈക്കൊണ്ട നിലപാടാണ്‌ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ നഷ്‌ടമുണ്ടാക്കിയതെന്നു ധരിച്ചവരായ സി.പി.എം. നിലപാടില്‍ മലക്കംമറിഞ്ഞപ്പോള്‍ മുതല്‍ വന്‍നേട്ടമുണ്ടായി എന്നു കരുതുന്നതുകൊണ്ടാവാം പിന്നീടങ്ങോട്ട്‌ തെരഞ്ഞെടുപ്പു ജയിക്കാന്‍ മതവര്‍ഗീയതയെ ഉപയോഗപ്പെടുത്തുകയാണ്‌ പ്രായോഗിക മാര്‍ഗം എന്ന വഴി സ്വീകരിച്ചത്‌. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണ കാലത്ത്‌ മുസ്ലിം വോട്ടുകള്‍ ആകര്‍ഷിക്കാന്‍ സി.പി.എം. അമിതമായി നടത്തിയ പ്രചാരവേലയും പൊതുപരിപാടികളും കേരളം കൗതുകത്തോടെ കണ്ടതാണ്‌.
എന്നാല്‍, ആ അടവുനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തില്ല എന്നുമാത്രമല്ല പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പിയിലേക്കു ചോരുകയും ചെയ്‌തു എന്നു ഫലം വന്നപ്പോള്‍ സി.പി.എം. തിരിച്ചറിഞ്ഞു. ഉടന്‍ മലക്കംമറിഞ്ഞ മുഖ്യമന്ത്രിയും സി.പി.എമ്മും ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തങ്ങളുടെ മുസ്ലിം വിദ്വേഷം അമിതമായി പ്രകടിപ്പിക്കുന്നതും ജനങ്ങള്‍ നല്ലതുപോലെ ശ്രദ്ധിച്ച കാര്യമാണ്‌. ജമാഅത്തെ ഇസ്ലാമിയെ മുന്നില്‍നിര്‍ത്തി ഇസ്ലാം വിമര്‍ശനം നടത്തുന്നതിലൂടെ സാമുദായിക ധ്രുവീകരണം സൃഷ്‌ടിച്ചു ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നേടലാണ്‌ സി.പി.എമ്മിന്റെ രാഷ്‌ട്രീയ ലക്ഷ്യം എന്ന്‌ ഏതൊരു സാധാരണക്കാരനും മനസിലാവുന്ന കാര്യമായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ മാത്രമല്ല യാതൊരു പ്രകോപനവുമില്ലാതെ മുസ്ലിം ലീഗിനെയും തീവ്രവാദ ചാപ്പ കുത്തി കടന്നാക്രമിച്ചതിന്റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല.
തന്റെ സര്‍ക്കാര്‍ മലപ്പുറം ജില്ലയില്‍നിന്നു പിടികൂടിയ സ്വര്‍ണത്തിന്റെയും ഹവാല പണത്തിന്റെയും കണക്കും ഈ പണം രാജ്യദ്രോഹപരവും ദേശവിരുദ്ധവുമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ്‌ വരുന്നതെന്നും ദി ഹിന്ദു പത്രത്തിനു മുഖ്യമന്ത്രിക്കുവേണ്ടി പി.ആര്‍. ഏജന്‍സി തയ്യാറാക്കി നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടു വന്നു എന്നതിന്‌ പല ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും ജനത്തിന്‌ എല്ലാം മനസിലായി. രാജ്യത്തെയും തലസ്‌ഥാനത്തെയും ഏറ്റവും വലിയ മതന്യൂനപക്ഷ സമൂഹത്തെ മുഖ്യമന്ത്രി ടാര്‍ഗറ്റ്‌ ചെയ്‌തിരിക്കുകയാണ്‌ എന്ന്‌ തെളിയിക്കുന്നതായിരുന്നു വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിക്കുവേണ്ടി എന്നു തോന്നിപ്പിക്കുംവിധം മുസ്ലിം സമുദായത്തിനെതിരേ നിരന്തരം നടത്തിയ വര്‍ഗീയ വിഷം തുപ്പുന്ന പ്രസ്‌താവനകള്‍.
ഒടുവില്‍ തങ്ങള്‍ ഹിന്ദു വിശ്വാസികളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണ്‌ എന്ന്‌ അവരെ ബോധ്യപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡിനെ മുന്നില്‍നിര്‍ത്തി പമ്പയില്‍ വലിയ പ്രചാരണത്തോടെ ശബരിമല അയ്യപ്പസംഗമം നടത്തുകകൂടി ചെയ്‌തതോടെ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിനു മതവിശ്വാസത്തെ ഉപയോഗപ്പെടുത്തുന്നതിന്റെ ചാമ്പ്യന്മാരായി സി.പി.എം. മാറി. സി.പി.എമ്മിന്റെ പഴയ മതനിരപേക്ഷ നിലപാട്‌ കൈയൊഴിയാനുള്ള കാരണം 2019-ലും 2024-ലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന്റെ പരമ്പരാഗത ശക്‌തികേന്ദ്രങ്ങളിലും നായര്‍, ഈഴവ സമുദായങ്ങളിലടക്കം ഹിന്ദു വോട്ടുകളില്‍ ബി.ജെ.പി. വലിയ മുന്നേറ്റമുണ്ടാക്കിയതാകാം. ബി.ജെ.പിയുടെ വളര്‍ച്ച മുസ്ലിം, ക്രിസ്‌ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളെ യു.ഡി.എഫ്‌. പക്ഷത്തോടു ചേര്‍ത്തുനിര്‍ത്താന്‍ നിര്‍ബന്ധിതമാക്കുന്നുണ്ട്‌.
അതേസമയം, യു.ഡി.എഫില്‍നിന്നുമാത്രമല്ല സി.പി.എം. പക്ഷത്തുനിന്നും ഹിന്ദുവിഭാഗം വോട്ടുകള്‍ ബി.ജെ.പിയിലേക്കു ചോരുന്നു എന്നത്‌ യാഥാര്‍ഥ്യമാണ്‌. ഈ സാമൂഹിക പശ്‌ചാത്തലത്തിലാവാം സി.പി.എം. പരസ്യമായ മുസ്ലിം വിദ്വേഷ കാമ്പയിനിലേക്കും ഹിന്ദു പ്രീണനത്തിലേക്കും അടവുനയം മാറ്റിയത്‌. എന്നാല്‍ 100 ശതമാനം ഹിന്ദുത്വവാദം പറയുന്ന ബി.ജെ.പിയെന്ന എ ടീമുള്ളപ്പോള്‍ ഹിന്ദു വോട്ടുകളെ ആകര്‍ഷിക്കാന്‍ മൃദുഹിന്ദുത്വം പറയുന്ന സി.പി.എം. എന്ന ബി ടീമിനെ ഹിന്ദു വോട്ടുകള്‍ പരിഗണിക്കില്ല എന്ന്‌ സി.പി.എം.പോലെ ഒരു പാര്‍ട്ടിക്ക്‌ മനസിലാക്കാന്‍ കഴിഞ്ഞില്ല എന്നത്‌ അത്ഭുതമാണ്‌.
ബി.ജെ.പിയുടെ ഫാസിസത്തിനെതിരേ ധീരമായി പോരാടിയ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ടാര്‍ഗറ്റ്‌ ചെയ്‌തുകൊണ്ടുള്ള സി.പി.എം. പ്രചാരണം മതേതര വിശ്വാസികളില്‍ സംശയമുണ്ടാക്കി. രാജ്യത്തു നടന്ന നിര്‍ണായക തെരഞ്ഞെടുപ്പുകളിലൊന്നും കേരളത്തിനു വെളിയിലെവിടെയും ഇന്ത്യാ സഖ്യത്തിനുവേണ്ടി ബി.ജെ.പിക്കെതിരായി പ്രസംഗിക്കാനോ പ്രചാരണത്തിനോ സി.പി.എമ്മിന്റെ ഏക മുഖ്യമന്ത്രിയും ഏറ്റവും തലയെടുപ്പുള്ള നേതാവുമായ പിണറായി വിജയന്‍ പോയില്ല എന്നതും ജനം ശ്രദ്ധിച്ചു.
തൃശൂരില്‍ ബി.ജെ.പിക്കു സുരേഷ്‌ ഗോപിയിലൂടെ അക്കൗണ്ട്‌ തുറക്കാന്‍ അവസരമൊരുക്കിയ പൂരം കലക്കലിനു കാര്‍മ്മികനായി പ്രവര്‍ത്തിച്ച എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ച അമിതവ്യഗ്രതയും ജനങ്ങള്‍ കാണുന്നുണ്ടായിരുന്നു. രാജ്യം മുഴുവന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷ രാഷ്‌ട്രീയക്കാരെ ഓടിനടന്ന്‌ വേട്ടയാടുകയും ജയിലിലടയ്‌ക്കുകയും ചെയ്‌തപ്പോള്‍ കേരള ഭരണനേതൃത്വവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന അതി ഗുരുതര ആരോപണങ്ങളില്‍ അന്വേഷണത്തിനെത്തിയ ഏജന്‍സികള്‍ ഒരന്വേഷണം ഇടയ്‌ക്കുവച്ച്‌ കെട്ടിപ്പൂട്ടിയതും സാമാന്യ ബുദ്ധിയുള്ളവര്‍ക്ക്‌ മനസിലാക്കാന്‍ കഴിയുന്ന കാര്യമാണ്‌. പി.എം.ശ്രീ പദ്ധതിയിലെ രഹസ്യമായ ഒപ്പുവയ്‌ക്കല്‍ സംസ്‌ഥാനത്തിന്‌ കുറച്ചു പണം കിട്ടാന്‍വേണ്ടി മാത്രമാണെന്ന്‌ വിശ്വസിക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ല.
ഏറ്റവും കുറഞ്ഞത്‌ ശബരിമല സ്വര്‍ണക്കൊള്ള മുതല്‍ പോലീസ്‌ ഭരണംവരെ രണ്ട്‌ ഡസന്‍ കാരണങ്ങളാലെങ്കിലും സര്‍ക്കാരിനോട്‌ ജനരോഷം ഉണ്ടെന്ന്‌ സകലമാന മനുഷ്യരും കാണുമ്പോഴും സര്‍ക്കാരിനെക്കുറിച്ച്‌ ജനങ്ങള്‍ക്ക്‌ നല്ല അഭിപ്രായംമാത്രമാണെന്നു പറയുന്ന സംസ്‌ഥാന സെക്രട്ടറിയും തങ്ങളുടെ പ്രസ്‌ഥാനം കളങ്കമറ്റതാണെന്ന നിറഞ്ഞ ബോധ്യം തങ്ങള്‍ക്കുണ്ടെന്നു പറയുന്ന സംസ്‌ഥാന കമ്മിറ്റിയംഗങ്ങളും യാഥാര്‍ഥ്യ ബോധം നഷ്‌ടപ്പെട്ട വിശ്വാസികളുടെ കൂട്ടായ്‌മയായി മാറിയിരിക്കുന്നു. ഈ വിശ്വാസക്കൂട്ടായ്‌മയുടെ ചോദ്യം ചെയ്യാനാകാത്ത നേതാവ്‌ പറയും, പാര്‍ട്ടി സെക്രട്ടറിമുതല്‍ ബാക്കിയെല്ലാവരും അതാവര്‍ത്തിക്കും. അതാണിപ്പോള്‍ കാണുന്നത്‌.

Ads by Google

വിചാരണ

Cherukara Sunny Lukose
Cherukara Sunny Lukose
Thursday 01 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW