-->
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്‍ പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ വരാനിരിക്കുന്ന പതിറ്റാണ്ടുകളിലും സമൂഹത്തെ പ്രചോദിപ്പിക്കുമെന്ന് ഉപരാഷ്‌ട്രപതി സി .പി.രാധാകൃഷ്‌ണന്‍. തീര്‍ഥാടനം എന്ന സങ്കല്‍പത്തിലൂടെ സമൂഹത്തിന്റെ ഉദ്ധാരണമാണ് ഗുരുദേവന്‍ ലക്ഷ്യമിട്ടതെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
ആത്മീയവും സാമൂഹികവുമായി ചിന്തകള്‍ വേറിട്ടു നില്‍ക്കുന്നതല്ല. സമൂഹത്തെ പരിവര്‍ത്തനത്തിന്റെ പാതയിലേക്കു നയിക്കുന്ന ആശയങ്ങളാണ് ഗുരുദേവന്‍ മുന്നോട്ടുവച്ചതെന്നും 93 -ാമത് ശിവഗിരി തീര്‍ഥാടനം ഉദ്‌ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങള്‍ നമ്മെ മുന്നോട്ട് നയിച്ചു. സ്‌നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചുവെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. ശ്രീനാരായണ ഗുരു പഠിപ്പിച്ചതെല്ലാം നമ്മെ പ്രചോദിപ്പിച്ചതാണ്. ആ പ്രചോദനം ഇനിയും തുടരും.
മനസിന്റേയും ശരീരത്തിന്റേയും കേന്ദ്രമാണ് ശിവഗിരി. ജനങ്ങളുടെ മനസിന്റെ ഉദ്ദാരണമാണ് ഗുരു ലക്ഷ്യം വച്ചത്. അത് സാധൂകരിച്ചുവെന്നും വിദ്യാഭ്യാസം, അറിവ് സമൂഹത്തിന് നല്‍കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി.രാജേഷ്, മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശശി തരൂര്‍ എം.പി എന്നിവര്‍ പങ്കെടുത്തു. രാവിലെ സ്വാമി സച്ചിദാനന്ദ ധര്‍മപതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്കു തുടക്കമായത്. ഗുരുദേവ ശിഷ്യന്‍ സ്വാമി ബോധാനന്ദയുടെ അഭിഷേക ശതാബ്‌ദി, ഗുരുദേവ മഹാത്മജി സമാഗമ ശതാബ്‌ദി സമാപനം, സ്വാമി സത്യവ്രത സമാധി ശതാബ്‌ദി, ഗുരുദേവസ്വാമി ശ്രദ്ധാനന്ദജി സമാഗമ ശതാബ്‌ദി എന്നിവയുടെ നിറവിലാണ് ഇത്തവണത്തെ തീര്‍ഥാടനം. ഗുരുദേവന്റെ അഷ്‌ട സന്ദേശങ്ങളില്‍ അധിഷ്‌ഠിതമായി 14 സമ്മേളനങ്ങള്‍ നടത്തും.
വിദ്യാഭ്യാസം സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു. രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. ഉച്ചയ്‌ക്ക് ഒന്നിനുള്ള സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. ഗുരുദേവന്റെ ഏകലോക വ്യവസ്‌ഥിതിയും
ആത്മീയതയും സമ്മേളനം ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്‌ഘാടനം ചെയ്‌തു. സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ ശിവഗിരി മഠത്തിലെ സന്യാസിമാര്‍ നയിക്കുന്ന ശ്രീനാരായണ ദിവ്യസത്സംഗം നടന്നു. ഈശ്വരഭക്‌തി സമ്മേളനം കൊളത്തൂര്‍ അദൈ്വതാശ്രമം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി ഉദ്‌ഘാടനം ചെയ്‌തു സ്വാമി സൂക്ഷ്‌മാനന്ദ അധ്യക്ഷത വഹിച്ചു.
തീര്‍ഥാടന ഘോഷയാത്ര
ഇന്ന്
ഇന്നു രാവിലെ 5.30ന് തീര്‍ഥാടന ഘോഷയാത്ര മഹാസമാധിയില്‍ നിന്നു പുറപ്പെടും. 9.30 ന് തീര്‍ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി വി.എന്‍.വാസവന്‍, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും. 12 നുള്ള സമ്മേളനം മന്ത്രി പി.രാജീവ് ഉദ്‌ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അധ്യക്ഷനാകും. 2.30 നുള്ള സമ്മേളനം മന്ത്രി ജി.ആര്‍. അനില്‍ ഉദ്‌ഘാടനം ചെയ്യും. എന്‍.കെ. േ്രപമചന്ദ്രന്‍ എം.പി അധ്യക്ഷനാവും. ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ്
ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും. 5 ന് മാധ്യമ സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്‌ഘാടനം ചെയ്യും. രാത്രി 12ന് മഹാസമാധിയില്‍ പുതുവത്സര പൂജയും സമൂഹ പ്രാര്‍ഥനയും.
നാളെ 10 ന് സമ്മേളനം ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ഉദ്‌ഘാടനം ചെയ്യും. കര്‍ണാടക സ്‌പീക്കര്‍ യു.ടി. ഖാദര്‍ അധ്യക്ഷനാകും. 11ന് ശ്രീനാരായണ പ്രസ്‌ഥാന
സംഗമം മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്‌ഘാടനം ചെയ്യും. കെ.സുധാകരന്‍ എംപി അധ്യക്ഷനാകും. ഒന്നിന് തമിഴ് കന്നട ശ്രീനാരായണ സംഗമം തമിഴ്‌നാട് മന്ത്രി ടി. മനോ തങ്കരാജ് ഉദ്‌ഘാടനം ചെയ്യും. 2.30 ന് സാഹിത്യ സമ്മേളനം എം.മുകുന്ദനും തുടര്‍ന്നു സമാപന സമ്മേളനം മന്ത്രി സജി ചെറിയാനും ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അധ്യക്ഷനാകും.