-->
തമിഴ് നടന്‍ ആണെങ്കിലും കേരളത്തിലും നിരവധി ആരാധകരുളള നടനാണ് വിജയ്. അഭിനയം നിര്‍ത്തി രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ജനനായകന്‍ ആണ് വിജയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങുന്ന ചിത്രം. പൊങ്കല്‍ റിലീസായി ജനുവരി 9 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഇപ്പോഴിതാ ജന നായകന്റെ ഓഡിയോ ലോഞ്ചില്‍ താന്‍ സിനിമയില്‍ നിന്ന് പിന്മാറുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ്. 'ഒരു ചെറിയ മണ്‍ വീട് പണിയണമെന്ന പ്രതീക്ഷയോടെയാണ് ഞാന്‍ സിനിമയിലേക്ക് കടന്നുവന്നത്. പക്ഷേ നിങ്ങളെല്ലാവരും കൂടി ചേര്‍ന്ന് എനിക്കൊരു കൊട്ടാരം തന്നെ പണിതു.
ഒരു കോട്ട തന്നെ പണിയാന്‍ ആരാധകര്‍ എന്നെ സഹായിച്ചു. അതുകൊണ്ടാണ് ഞാന്‍ അവര്‍ക്കുവേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ചത്. എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകര്‍ക്കായി, ഞാന്‍ സിനിമ തന്നെ ഉപേക്ഷിക്കുന്നു. എനിക്ക് ഒരു കാര്യം വളരെ പ്രധാനമാണ്. എനിക്ക് വേണ്ടി ആളുകള്‍ തിയറ്ററുകളില്‍ വന്ന് നില്‍ക്കും.
ആ ഒരൊറ്റ കാരണം കൊണ്ട്, അടുത്ത 30-33 വര്‍ഷത്തേക്ക് അവര്‍ക്കു വേണ്ടി നിലകൊള്ളാന്‍ ഞാന്‍ തയ്യാറാണ്. ഈ വിജയ് ആരാധകര്‍ക്ക് വേണ്ടി, ഞാന്‍ സിനിമയില്‍ നിന്ന് പിന്മാറുകയാണ്. ആദ്യ ദിവസം മുതല്‍ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്, പഴയ അതേ കഥകളൊക്കെ തന്നെ.
പക്ഷേ എന്റെ ആരാധകര്‍ തുടക്കം മുതല്‍ തന്നെ എന്റെ കൂടെ നിന്നു, 33 വര്‍ഷമായി എന്നെ നിരന്തരം പിന്തുണച്ചു. അതുകൊണ്ടാണ്, എനിക്കു വേണ്ടി നിലകൊണ്ട ആരാധകര്‍ക്ക് വേണ്ടി, ഞാന്‍ അവര്‍ക്കു വേണ്ടി നിലകൊള്ളും. ഈ വിജയ് നിങ്ങള്‍ക്ക് വേണ്ടി നിന്ന് നിങ്ങളോട് നന്ദി അറിയിക്കും'.- വിജയ് പറഞ്ഞു.