Wednesday, March 18, 2026 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 01.14 PM

മേയര്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തത് കൗസിലര്‍മാരുടെ അഭിപ്രായം മാനിച്ച് ; താന്‍ ഇടപെട്ടിട്ടില്ലെന്ന് വി.ഡി. സതീശന്‍

uploads/news/2025/12/817647/VD-satheeshan-close.gif

കൊച്ചി: മേയര്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തത് കൗസിലര്‍മാരുടെ അഭിപ്രായം ഉള്‍പ്പെടെ മാനിച്ചാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു തീരുമാനം എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മേയറാകാത്തവര്‍ എന്തൊക്കെ പറയും എന്നും മുകളില്‍ നിന്ന് ആരെയും പാര്‍ട്ടി കെട്ടിയിറക്കിയിട്ടില്ല എന്നും സതീശന്‍ പറഞ്ഞു.

നേരത്തേ തൃശൂരില്‍ നിന്നും ജയിച്ച കൗണ്‍സിലര്‍ ലാലി ജെയിംസ് നടത്തിയ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. തൃശൂരില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട നിജി ജസ്റ്റിന്‍ മേയര്‍ ആകാന്‍ പണം നല്‍കിയെന്ന ഗുരുതര ആരോപണമാണ് ലാലി ജെയിംസ് നടത്തിയത്. മൂന്ന് ദിവസം മുമ്പ് നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി പോകുന്നത് കണ്ടതായും മേയര്‍ ആകുന്നതിന് തനിക്ക് തടസ്സമായത് പണം ഇല്ലായ്മ ആണെന്നും ലാലി ജെയിംസ് ആരോപിച്ചിരുന്നു.

കെ സി വേണുഗോപാലിന്റെ ഗ്രൂപ്പില്‍പ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ നേതാക്കള്‍ക്കാണ് പണം നല്‍കിയതെന്നാണ് അഭ്യൂഹമെന്നും ലാലി ജെയിംസ് റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് തള്ളുകയായിരുന്നു. മേയറെ തീരുമാനിക്കുന്ന കാര്യത്തില്‍ തന്റെ ഇടപെടല്‍ ഒരു ഘട്ടത്തില്‍ പോലും ഉണ്ടായിട്ടില്ല എന്നും അങ്ങനെ ഉണ്ടാകാന്‍ പാടില്ല എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നിജി ജസ്റ്റിന്‍ തന്റെ ജോലി വരെ കളഞ്ഞ് നില്‍ക്കുന്ന ആളാണ് എന്നും ഭൂരിപക്ഷ അഭിപ്രായം അവര്‍ക്കൊപ്പമായിരുന്നു എന്നും സതീശന്‍ പറഞ്ഞു. കൊച്ചി മേയര്‍ തര്‍ക്കവുമായി ബന്ധപ്പെട്ടും സതീശന്‍ പ്രതികരിച്ചു. മേയറെ തീരുമാനിക്കുന്നതില്‍ താന്‍ ഇടപെട്ടില്ല എന്നാണ് ആരോപണം. ഞാന്‍ എന്നല്ല, ആരും ഇതില്‍ ഇടപെടാന്‍ പാടില്ല. ഒരാളെയും നമ്മുടെ ഇഷ്ടപ്രകാരം വെക്കാന്‍ പാടില്ല. അതിനൊരു രീതിയുണ്ട്. മുന്‍കൂട്ടി പ്രഖ്യാപിക്കാത്ത സ്ഥലങ്ങളില്‍ കെപിസിസി മാര്‍ഗനിര്‍ദേശം ഉള്ളതാണ്. ആ രീതിയാണ് ഇവിടെയും പിന്തുടര്‍ന്നത് എന്ന സതീശന്‍ പറഞ്ഞു. ഒന്നില്‍കൂടുതല്‍ പേര്‍ മേയറാകാന്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ് എന്നും സതീശന്‍ ചോദിച്ചു.

Ads by Google
Friday 26 Dec 2025 01.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW