-->
പാല: തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ശ്രദ്ധ നേടിയ പാലാ നഗരസഭയുടെ ചെയര്‍പേഴ്‌സണായി ദിയ പുളിക്കക്കണ്ടത്തെ തെരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെ ജയം നേടിയതിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. 12 നെതിരേ 14 വോട്ടുകള്‍ക്കായിരുന്നു ദിയ തെരഞ്ഞെടുക്കപ്പെട്ടത്. പുളിക്കക്കണ്ടം കുടുംബത്തിന്റെ നിര്‍ണ്ണായകമായ ഇടപെടലില്‍ നഗരസഭാ അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ദിയ പുളിക്കക്കണ്ടം നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണായിട്ടാണ് മാറിയത്.
ഇരുപത്തൊന്നാം വയസ്സിലാണ് ദിയ വലിയ പദവി ഏറ്റെടുത്തിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ബിനു പുളിക്കക്കണ്ടവും മകള്‍ ദിയയും സഹോദരന്‍ ബിജു പുളിക്കക്കണ്ടവും ജയിച്ചതിന് പിന്നാലെ യുഡിഎഫിന് പിന്തുണ നല്‍കുക കൂടി ചെയ്തതോടെയാണ് പാലാ മുനിസിപ്പാലിറ്റിയില്‍ ഭരണം യുഡിഎഫിന് കിട്ടിയിരിക്കുന്നത്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച മായാ രാഹുലിനാണ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം.
1985 ന് ശേഷം ഇതാദ്യമായിട്ടാണ് കേരളാകോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനത്തേക്ക് വരുന്നത്. ദിയ നിലവില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ബി.എ. കഴിഞ്ഞ് എംബിഎയ്ക്കുള്ള ഒരുക്കത്തിലാണ്. ആകെയുള്ള 26 സീറ്റില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 10, സ്വതന്ത്രര്‍ 5 എന്നിങ്ങനെയായിരുന്നു കക്ഷിനില. 13,14,15 വാര്‍ഡുകളില്‍ നിന്നുമാണ് പുളിക്കക്കണ്ടം കുടുംബാംഗങ്ങള്‍ വിജയിച്ചത്. 40 വര്‍ഷമായി കേരളാകോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി. സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.