-->
ഷെയ്ന്‍ നിഗം, രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമാണ് ഭൂതകാലം. ഒടിടി റിലീസായി എത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങള്‍ ആയിരുന്നു ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ച് മനസുതുറക്കുകയാണ് ഷെയ്ന്‍. സിനിമയ്ക്ക് മറ്റൊരു ക്ലൈമാക്‌സ് കൂടി ഉണ്ടായിരുന്നു എന്നും എന്നാല്‍ പിന്നീട് അത് റീഷൂട്ട് ചെയ്‌തെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.
'സിനിമ കഴിഞ്ഞ് ക്ലൈമാക്സ് വീണ്ടും നമ്മൾ റീ ഷൂട്ട് ചെയ്തിരുന്നു. നിങ്ങൾ ഇപ്പോൾ കാണുന്ന ക്ലൈമാക്സ് ആയിരുന്നില്ല ആദ്യം. വേറെയൊരു ക്ലൈമാക്സ് ആയിരുന്നു ആദ്യം. ഒരു പാരലൽ റിയാലിറ്റിയിലേക്ക് മാറുന്ന ഒരു കോൺസെപ്റ്റ് ആയിരുന്നു അത്. പക്ഷേ അത് നമുക്കെല്ലാവർക്കും ദഹിക്കണമെന്നില്ല.
പിന്നീട് അംബൂക്കയുടെ സഹായത്തോടെ നമ്മൾ വേറൊരു കാര്യം ചിന്തിച്ചു. അങ്ങനെ രാഹുലേട്ടൻ കൊണ്ടുവന്ന ഒരാശയമാണ് നിങ്ങളിപ്പോൾ കാണുന്ന ക്ലൈമാക്സ്. അതിന് പിന്നിൽ ഒരുപാട് എഫേർട്ട് ഉണ്ട്. അത്രയും സമയം ആ സിനിമയ്ക്ക് വേണ്ടി എടുത്തുതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഭ്രമയുഗം ഇറങ്ങിയപ്പോഴും ഡീയസ് ഈറെ റിലീസായപ്പോഴും ഭൂതകാലത്തെക്കുറിച്ച് ആളുകൾ സംസാരിച്ചിരുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്. എല്ലാത്തിലുമപരി അത് എന്റെ ആദ്യത്തെ നിർമാണ സംരംഭം കൂടിയായിരുന്നു', ഷെയ്ൻ നിഗം പറഞ്ഞു.