Thursday, March 19, 2026 Last Updated 12 Min 3 Sec ago English Edition
Todays E paper
Ads by Google
രാജു പോള്‍
Thursday 25 Dec 2025 02.28 AM

വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന്‌ കോളജില്‍ നേരിട്ട ലൈംഗിക അതിക്രമം; പ്രോസിക്യൂട്ടറെ മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ വിശദീകരണം തേടി ഹൈക്കോടതി

uploads/news/2025/12/817540/High-court.jpg

കൊച്ചി : ശാസ്‌താംകോട്ട ദേവസ്വം കോളജില്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാവില്‍ നിന്ന്‌ പട്ടികജാതി വിദ്യാര്‍ത്ഥിനിക്ക്‌ നേരേയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയില്‍ നിന്ന്‌ നിലവിലത്തെ പബ്ലിക്‌ പ്രോസിക്യൂട്ടറെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.
പ്രതിയെ ശാസ്‌താംകോട്ട പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ റിമാന്‍ഡ്‌ ചെയ്‌തിരുന്നു. ജയില്‍ മോചിതനായ പ്രതി അതിജീവിതയെ വീണ്ടും പിന്‍തുടര്‍ന്ന്‌ ശല്യം തുടങ്ങിയതോടെ അതിജീവിത ദക്ഷിണ മേഖല ഐ.ജിയ്‌ക്ക്‌ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ പരാതി നല്‍കി. ഇതിലും പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.
ഇതിന്റെ പക തീര്‍ക്കാന്‍, പ്രതി ഗുണ്ടകളെ ഉപയോഗിച്ച്‌ അതിജീവിതയുടെ വീട്ടിലും കോളേജില്‍ പോകുന്നവഴിക്കും ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി പോലീസ്‌ സംരക്ഷണം തേടി ഹൈക്കോടതിയില്‍ എത്തി. കോടതി പോലീസ്‌ സംരക്ഷണം അനുവദിക്കുകയും ചെയ്‌തു. പ്രതിയെ രണ്ടാമതും പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ റിമാന്‍ഡ്‌ ചെയ്‌തിരുന്നു.
കേസിന്റെ വിചാരണ കൊട്ടാരക്കര പട്ടിക ജാതി സ്‌പെഷല്‍ കോടതിയിലാണ്‌ നടക്കുന്നത്‌.
പ്രതിക്ക്‌ ബുദ്ധിമുട്ട്‌ വരാത്ത തരത്തില്‍ മൊഴി പറയണമെന്ന്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അതിജീവിതയെ നിര്‍ബന്ധിച്ചതായും, പറ്റില്ലെന്ന്‌ മറുപടി പറഞ്ഞതിന്‌ അധിക്ഷേപവും വെല്ലുവിളിയും ഭീഷണിയും പ്രോസിക്യൂട്ടറില്‍ നിന്നും ഉണ്ടായതായും കൊല്ലം ജില്ലാ കലക്‌ടര്‍ക്കും ആഭ്യന്തര വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്കും നല്‍കിയ പരാതിയില്‍ അതിജീവിത വ്യക്‌തമാക്കുന്നു.
പ്രതി വിദ്യാര്‍ത്ഥി യുവജന സംഘടന നേതാവായതിനാല്‍ സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറെ രാഷ്‌ട്രീയമായി സ്വാധീനിച്ചിട്ടുണ്ടെന്നും നിലവിലത്തെ പ്രോസിക്യൂട്ടറെ വച്ച്‌ വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ലെന്നും അതിജീവിത സര്‍ക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ട്‌. കേസിന്റെ വിചാരണയ്‌ക്ക്‌ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാരിന്‌ നല്‍കിയ അപേക്ഷയില്‍ തീരുമാനം വൈകുന്നതിനാലാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തതെന്ന്‌ അതിജീവിതയുടെ അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിങ്‌ പറഞ്ഞു. ജസ്‌റ്റിസ്‌ എസ്‌. മുരളീകൃഷ്‌ണനാണ്‌ ഹര്‍ജിയില്‍ വിശദീകരണം തേടിയത്‌. കേസ്‌ 26-ന്‌ വീണ്ടും കോടതി പരിഗണിക്കും. അഡ്വ. സാജന്‍ ഹമീദും പെണ്‍കുട്ടിക്ക്‌ വേണ്ടി ഹാജരായി.

രാജു പോള്‍

Ads by Google
Ads by Google
TRENDING NOW