-->
കളമശേരി: വൈദ്യുതിച്ചാർജിൽ കോടികളുടെ കുടിശിക വരുത്തിയെന്നു പറഞ്ഞ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എംടി കളമശേരി യൂണിറ്റിനുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചു. രാവിലെ 10 മണിക്കാണ് വൈദ്യുതി വിതരണം നിർത്തിയത്. ഇതോടെ ഉൽപാദനം നിലച്ചു. ജീവനക്കാരുടെ 70 ക്വാർട്ടേഴ്സിലേക്കുള്ള വൈദ്യുതി വിതരണവും നിലച്ചു.കുടിശിക ചൂണ്ടിക്കാട്ടി വൈദ്യുതിബന്ധം വിഛേദിക്കുമെന്നു കാണിച്ച് കെഎസ്ഇബി ഈ മാസം 8ന് എച്ച്എംടി മാനേജ്മെന്റിനു കത്തു നൽകിയിരുന്നു.
മൂലധന കുടിശിക 9.75 കോടിയും പലിശയിനത്തിൽ 20.45 കോടിയും ഉൾപ്പെടെ 30.20 കോടി രൂപ കിട്ടാനുണ്ടെന്നു നോട്ടിസിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം യൂണിയനുകളെയൊ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പി.രാജീവിനെയൊ മാനേജ്മെന്റ് അറിയിച്ചിരുന്നില്ല. ഇന്നലെ വൈദ്യുതി നിലച്ചപ്പോഴാണു തൊഴിലാളികൾ വിവരം അറിയുന്നത്. മാനേജ്മെന്റ് പ്രതിനിധികൾ ഇന്നു തിരുവനന്തപുരത്ത് മന്ത്രി രാജീവിനെ കാണുന്നുണ്ട്.വർഷങ്ങളായുള്ള കുടിശികയാണ് എച്ച്എംടി നൽകാനുള്ളതെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു.
ഇതു നൽകാതെ ഇപ്പോൾ അതതു മാസത്തെ ബിൽ മാത്രമാണ് അടയ്ക്കുന്നത്. ഇന്നലെ രാവിലെ 2 മാസത്തെ വൈദ്യുതി നിരക്കായ 35 ലക്ഷം രൂപ അടച്ചു.കുടിശിക ഈടാക്കുന്നതിന് മുൻകാലങ്ങളിൽ ചർച്ച നടത്തിയിട്ടുണ്ട്. പ്രശ്നപരിഹാരം എന്ന നിലയിൽ കെഎസ്ഇബിക്ക് സബ്സ്റ്റേഷൻ നിർമാണത്തിനായി 5 ഏക്കർ ഭൂമി ആവശ്യപ്പെട്ടിരുന്നു. എന്നാൽ എച്ച്എംടി മാനേജ്മെന്റ് അനുകൂല നിലപാട് സ്വീകരിച്ചില്ല. സ്ഥലവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ കേസ് ഉള്ളതാണു കാരണം.