-->
കൊച്ചി: മലയാളത്തിലെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ശ്രീനിവാസന്‍ (69) അന്തരിച്ചു. ദീര്‍ഘനാളായി ആരോഗ്യപ്രശ്‌നങ്ങളുമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് തൃപ്പൂതിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. നടനായും തിരക്കഥാകൃത്തായും മലയാളത്തില്‍ നിറഞ്ഞു നിന്ന 48 വര്‍ഷത്തെ സിനിമാ ജീവിതത്തിനാണ് അന്ത്യമായത്.
1976 മുതല്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അദ്ദേഹം മലയാളസിനിമയ്ക്ക് വലിയ സംഭാവന നല്‍കിയാണ് വിടവാങ്ങിയത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച അദ്ദേഹം നര്‍മ്മത്തിനു പുതിയ ഭാവം നല്‍കി. 1956 ഏപ്രില്‍ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ച ശ്രീനിവാസന്‍ ഒട്ടേറെ ഹിറ്റ് സിനിമകളാണ് മലയാളത്തിന് സമ്മാനിച്ചത്.
അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. 1989 ല്‍ സംസ്ഥാന പുരസ്‌ക്കാരം നേടിയ വടക്കുനോക്കിയന്ത്രത്തിലൂടെയാണ് സംവിധായകനായത്. പിന്നീട് ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയും സംവിധാനം ചെയ്തു. രണ്ടു സിനിമകളും സാമ്പത്തീകമായി മെച്ചപ്പെടുകയും നിരൂപണ ശ്രദ്ധ നേടുകയും ചെയ്തവയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്ക് തിരക്കഥയൊരുക്കി.
പ്രശസ്ത സംവിധായകരായ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, കമല്‍, ലാല്‍ജോസ്, റോഷന്‍ ആന്‍ഡ്രൂസ് തുടങ്ങിയവര്‍ക്കൊപ്പം അനേകം അനേകം ഹിറ്റുകളാണ് ഒരുക്കിയത്. സിനിമയ്ക്ക സുമുഖരായ നായകന്മാര്‍ നിര്‍ബ്ബന്ധമല്ലെന്ന് സ്വയം നായകനായി അവതരിച്ച് ശ്രീനിവാസന്‍ തെളിയിച്ചു. ഗാന്ധിനഗര്‍ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, സന്ദേശം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടന്‍മാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോള്‍, അറബിക്കഥ തുടങ്ങിയ അനേകം സിനിമകളില്‍ അദ്ദേഹം നായകനായി എത്തിയിരുന്നു.
ഒരു മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകൂടിയായ ശ്രീനിവാസന്‍ വിധിച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോര്‍ജ്ജിന്റെ മേള എന്നീ ചിത്രങ്ങളില്‍ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തില്‍ തമിഴ് നടന്‍ ത്യാഗരാജനുവേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. പല്ലാങ്കുഴല്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നല്‍കിയതും ശ്രീനിവാസനായിരുന്നു.