-->
നടി, സാമൂഹിക പ്രവർത്തക, രാഷ്ട്രീയ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ് ഗൗതമി. ഇപ്പോൾ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) ഡെപ്യൂട്ടി പ്രൊപ്പഗാണ്ട സെക്രട്ടറി കൂടിയാണവർ. അടുത്തിടെ തിരുവണ്ണാമലൈയിലെ കർഷകർക്കൊപ്പം ചെലവഴിച്ച ദിവസത്തിന്റെ ഓർമകളും ചിത്രങ്ങളും പങ്കിടുകയാണ് ഗൗതമി.
1987 മുതൽ 1998 വരെയുള്ള കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ഗൗതമി. ഒട്ടനവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടും, വ്യക്തിജീവിതത്തിലെ വെല്ലുവിളികൾ കാരണം അവരുടെ കരിയറിൽ വലിയ തിരിച്ചടികൾ നേരിട്ടു. സ്റ്റേജ്-3 ക്യാൻസറിനോടും പോരാടി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു ഗൗതമി.
തന്റെ 16-ാം വയസ്സിൽ 'ദയാമയുടു' (1987) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഗൗതമി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'ഗാന്ധിനഗർ രണ്ടാവ വീഥി' എന്ന ചിത്രത്തിലൂടെ നായികയായി മാറി. രജനികാന്ത് നായകനായ 'ഗുരു ശിഷ്യൻ' ആയിരുന്നു അവരുടെ ആദ്യ തമിഴ് ചിത്രം. തുടർന്ന് തെലുങ്ക്, കന്നഡ സിനിമകളിൽ അവർ സജീവമായി. എട്ടു വർഷത്തിനുള്ളിൽ 120-ഓളം സിനിമകളിൽ അവർ അഭിനയിച്ചു.
തമിഴ്, തെലുങ്ക് സിനിമകൾക്ക് പുറമെ മലയാളം, ഹിന്ദി, കന്നഡ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷൻ നടി, അവതാരക, കോസ്റ്റ്യൂം ഡിസൈനർ എന്നീ നിലകളിലും 'ലൈഫ് എഗെയ്ൻ ഫൗണ്ടേഷന്റെ' സ്ഥാപകയായും ഗൗതമി അറിയപ്പെടുന്നു.