-->
കൊച്ചി; സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ദൈനംദിന നടത്തിപ്പിനെ ബാധിക്കുംവിധത്തില്‍ മിഡ് ഡേ മീല്‍ സ്‌കീം (എം.ഡി.എം.എസ്) സോഫ്‌റ്റ്വേര്‍ തകരാറില്‍. വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തിരിക്കാമെന്ന് അനുമാനം. കഴിഞ്ഞ അഞ്ചുമുതല്‍ ഓണ്‍ലൈനായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ ഹാജര്‍നിലയും, വിതരണം ചെയ്യുന്നതിന്റെ വിശദവിവരങ്ങളും ദൈനംദിനം രേഖപ്പെടുത്തുന്നത് എം.ഡി.എം.എസ്. സോഫ്‌റ്റ്വേര്‍ മുഖേനയാണ്. മാവേലി സ്‌റ്റോറില്‍നിന്നും അരി ലഭിക്കുമ്പോള്‍ സ്‌റ്റോക്ക് രേഖപ്പെടുത്തുന്നതും, ഓരോ മാസത്തെയും റിപ്പോര്‍ട്ടുകളായ എന്‍.എം.പി.1, കെ 2 എന്നിവ ജനറേറ്റ് ചെയ്യുന്നതും ഈ സോഫ്‌റ്റ്വേര്‍ മുഖേനയാണ്. എന്‍.എം.പി. 1, കെ 2 എന്നിവ ജനറേറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പാചകത്തൊഴിലാളികളുടെ ശമ്പളം മുടങ്ങും.
ഈ മാസത്തെ എക്‌സ്പെന്‍ഡീച്ചര്‍ സ്‌റ്റേറ്റ്‌മെന്റ് തയാറാക്കാന്‍ സാധിക്കില്ല. പദ്ധതിച്ചെലവിനുള്ള തുക ലഭിക്കുന്നത് മുടങ്ങും. അരിയുടെ സ്‌റ്റോക്ക് എന്‍ട്രി നടത്താന്‍ സാധിക്കാത്തത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയതായി പ്രധാനാധ്യാപകര്‍ പറയുന്നു. 31ന് മുമ്പ് പരിഹരിച്ചില്ലെങ്കില്‍ പ്രശ്‌നം അതീവ ഗുരുതരമാകും. പരിഹരിക്കാന്‍ ശ്രമിച്ചുവരുന്നതായാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ വിവരങ്ങള്‍ രജിസ്‌റ്ററുകളില്‍ രേഖപ്പെടുത്തി വയ്‌ക്കാനാണ് നിര്‍ദേശം.
ബൈജു ഭാസി