-->
നടിയെ ആക്രമിച്ച കേസില്‍ വിധി പുറത്തുവരുമ്പോള്‍ ദിലീപിനെതിരേ ആദ്യം സംസാരിച്ചത് മൂന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യരുടെ പ്രസ്താവന. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാനും പിന്തുണ നല്‍കാനുമായി നടന്ന നടീനടന്മാരുടെ യോഗത്തില്‍ കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്ന് ആദ്യം പറഞ്ഞവരില്‍ ഒരാളും മഞ്ജു വാര്യരായിരുന്നു.
പിന്നീട് ഇവര്‍ കേസില്‍ മൊഴി നല്‍കുകയും ചെയ്തു. 28 ലധികം പേര്‍ മൊഴിമാറ്റിയ കേസില്‍ ആദ്യം പറഞ്ഞ മൊഴിയില്‍ ഉറച്ചു നിന്നയാള്‍ മഞ്ജു വാര്യരായിരുന്നു. കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കുന്നതില്‍ ഉള്‍പ്പെടെ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകം ആയിരുന്നു. കാവ്യയു മായുള്ള ബന്ധത്തെക്കുറിച്ച് തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു എന്നായിരുന്നു മഞ്ജു വാര്യരുടെ മൊഴി.
2017 ജൂണ്‍ 21നാണ് കേസില്‍ മഞ്ജു വാര്യര്‍ മൊഴി നല്‍കുന്നത്. ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ച ചില സൂചനകളില്‍ നിന്നാണ് മഞ്ജു ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമറിയുന്നത്. പിന്നീട് മഞ്ജു ഇതിനെക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയോട് ചോദിച്ചു. ഇതില്‍ കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവിനോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് സംശയിച്ചിരുന്നു.
തന്റെ ജീവിതം തകര്‍ത്തത് ഈ നടിയാണെന്ന് ദിലീപ് ഇക്കാലത്ത് പലരോടും പറയുകയും ചെയ്തിരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മഞ്ജു വാര്യരുടെ മൊഴിയിലുണ്ടായിരുന്നു. നിരവധി പേര്‍ മൊഴി മാറ്റിയപ്പോഴും പറഞ്ഞ മൊഴിയില്‍ മഞ്ജു വാര്യര്‍ ഉറച്ചുനിന്നു.
പിന്നീട് അറസ്റ്റിലായതോടെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കുകയും ചെയ്തിരുന്നു.