-->
തൃശൂര്‍: സിപിഐഎം നേതാവിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റ് അംഗമായ കെ ദിവാകരനെയാണ് സുരേഷ് ഗോപി ' മാക്രി' എന്ന് വിളിച്ചത്. നാടിനായി കേന്ദ്രമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന ദിവാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. തൃശൂര്‍ എംപിയെ തോണ്ടാന്‍ വന്നാല്‍ മന്തി പൊളിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
'വടകരയിലെ ഊരാളുങ്കല്‍ സൊസൈറ്റി ആരുടേതാണെന്ന് അറിയാമല്ലോ. അന്വേഷിച്ച് മനസിലാക്കു. അവരാണ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഞാന്‍ കൂടി അംഗീകരിച്ച പദ്ധതിയാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. 95.34 കോടി രൂപയുടെ പദ്ധതിയാണ് ആ മാക്രിയുടെ മൂക്കിന് താഴെ കൊടുത്തിരിക്കുന്നത്. ഇതില്‍ കൂടുതല്‍ എന്താണ് അയാള്‍ക്ക് അറിയേണ്ടത്. തൃശൂര്‍ എംപിയെ തോണ്ടാന്‍ വരരുത്. ഞാന്‍ മാന്തി പൊളിച്ച് കളയും അത്രയെ ഉള്ളൂ.' സുരേഷ് ഗോപി പറഞ്ഞു.
'കൊല്ലത്തെ അഷ്ടമുടി പദ്ധതിക്കായി 59.73 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയെന്ന നിലയില്‍ കൃത്യമായി ഇതെല്ലാം ചെയ്തിട്ടുണ്ട്. തൃശൂരിന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ട്രെയിനിങ് കോളേജും ഫൊറന്‍സിക് ലാബും അനുവദിച്ചിട്ടുണ്ട്. എട്ട് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. തിരുവനന്തപുരത്ത് മാത്രമെ നല്‍കൂ എന്ന് പറയുന്നത് ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയാണ്.' സുരേഷ് ഗോപി ആരോപിച്ചു.