-->
മലയാളസിനിമയുടെ ഗോള്‍ഡന്‍ ഇറാ എന്ന് ഉദ്‌ഘോഷിക്കുന്ന എണ്‍പതുകളില്‍ വേറിട്ട സിനിമകളോടെ മുഖ്യധാരയില്‍ നിന്ന് തെന്നിമാറി പുതിയ ദൃശ്യാനുഭവം പകര്‍ന്നതായിരുന്നു പത്മരാജന്റെ സിനിമകള്‍. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ശേഷവും പി. പത്മരാജനോളം ആളുകള്‍ ഓര്‍ത്തെടുക്കുന്ന ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും മലയാളത്തില്‍ വേറെയില്ലെന്നു തന്നെ പറയാം. ഒരു കാലഘട്ടത്തിന്റെ സുവര്‍ണ്ണ ചിത്രങ്ങളാണ് പത്മരാജന്റെ ക്ലാസിക് കൃതികള്‍.
അച്ഛന്റെ വഴിയിലൂടെ നടന്നു തുടങ്ങിയ മകന്‍ പി. അനന്തപത്മനാഭന്‍ തിരക്കഥയിലേക്ക് പെട്ടെന്ന് രംഗപ്രവേശം ചെയ്യാതെ അനുകൂലമായ സന്ദര്‍ഭത്തിനാണ് കാത്തുനിന്നത്. തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായ അനന്തപത്മനാഭൻ അച്ഛന്റെ കഥാ പ്രപഞ്ചത്തില്‍ നിന്ന് കൊണ്ട് പത്മരാജന്റെ കഥാപാത്രങ്ങളായ ചെല്ലപ്പനേയും നുക്കണ്ണിനേയും ‘കാറ്റ്’ എന്ന സിനിമയിലൂടെ പുനര്‍ജനിപ്പിച്ച് കൈയടി നേടിയിരുന്നു. പത്മരാജന്റെ തുടർച്ചയാണ് മകൻ അനന്തപത്മനാഭൻ. ഇതിനകം തന്നെ എഴുത്തിന്റെ ലോകത്ത് കൈയ്യൊപ്പിട്ട അനന്തന്റെ കഥകള്‍ വായനക്കാര്‍ ഏറ്റെടുത്തതാണ്.
ഇപ്പോഴിതാ പത്മരാജന്റെ മരണകാരണം പുകവലിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് പറയുകയാണ് മകൻ അനന്തപത്മനാഭൻ. അച്ഛന്‍ മദ്യപിച്ച് കണ്ടിട്ടില്ലെന്നും പലരും ഗിഫ്റ്റായി മദ്യം കൊണ്ടു കൊടുക്കുമ്പോഴും അത് കുടിച്ചു തീര്‍ത്തിരുന്നത് സുഹൃത്തുക്കളായിരുന്നുവെന്നും പറയുകയാണ് അനന്തപത്മനാഭന്‍.
‘‘മകന്റെ കുറിപ്പുകള്‍ എന്ന പുസ്തകം ഞാൻ പ്രിപ്പയർ ചെയ്ത് എഴുതിയ ഒന്നല്ല. സുഭാഷിന് അച്ഛനെ വലിയ കാര്യമായിരുന്നു. അദ്ദേഹം ചോദിച്ചു അച്ഛനെ കുറിച്ച് ഒരു സീരിസ് എഴുതിക്കൂടേയെന്ന്.
ആഴ്ച പതിപ്പിന് വേണ്ടിയാണ്. വലിയൊരു ബുക്ക് മനസില്‍ കണ്ട് എഴുതി തുടങ്ങിക്കോളൂവെന്നാണ് പറഞ്ഞത്. ഡെഡ് ലൈൻ കീപ്പ് ചെയ്യാൻ വേണ്ടി ഓഫീസിലേക്ക് പോകുന്ന ലാസ്റ്റ് മൊമന്റിലൊക്കെ ഇരുന്ന് എഴുതി തീർത്തിട്ടുണ്ട്. വളരെ പ്രിപ്പയറായി എഴുതിയതുപോലുണ്ടെന്നാണ് വായിച്ചശേഷം ലഭിച്ച കമന്റുകള്‍. ഒറ്റയടിക്ക് വന്ന എഴുത്താണ്.
ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് മാതൃഭൂമിയില്‍ പബ്ലിഷ് ചെയ്തിരുന്നു. അച്ഛൻ പോയത് പുകവലി കാരണമാണെന്ന് പൂർണ്ണമായി വിശ്വസിക്കുന്നൊരാളാണ് ഞാൻ. അച്ഛൻ മദ്യപിച്ച് ഞാൻ കണ്ടിട്ടില്ല. കമ്പനിയിലൊക്കെ മദ്യപിച്ചിരുന്നു അത് എനിക്ക് അറിയുകയും ചെയ്യാം. അപ്പോള്‍ പോലും അച്ഛൻ വളരെ ലിമിറ്റഡായിരുന്നുവെന്ന് ക്യാമറമാൻ വേണു ചേട്ടനൊക്കെ പറഞ്ഞിട്ടുണ്ട്. രണ്ട്, മൂന്ന് പെഗ് കഴിച്ച് കഴിയുമ്പോള്‍ ഛർദ്ദിക്കാനുള്ള തോന്നല്‍ വരുമായിരുന്നു.
അതുകൊണ്ട് അധികം കഴിക്കുമായിരുന്നില്ല. പലരും അച്ഛന് ഗിഫ്റ്റായി കുപ്പി കൊണ്ടുകൊടുക്കും. ജയറാം, അശോകൻ ചേട്ടൻ എല്ലാം കോംപ്ലിമെന്ററി പോലെ കൊണ്ട് കൊടുക്കുമായിരുന്നു. പക്ഷെ അതൊന്നും അച്ഛൻ വീട്ടില്‍ കൊണ്ടുവരില്ല. ഫ്ലാറ്റില്‍ കൊണ്ടുപോയി വെക്കും. അച്ഛൻ അവിടെ ഇരുന്നാണ് എഴുതിയിരുന്നത്.
കുപ്പികള്‍ കുടിച്ച് തീർത്തിരുന്നത് അച്ഛന്റെ സുഹൃത്തുക്കളായിരുന്നു. പക്ഷെ അച്ഛൻ ഭയങ്കര പുകവലിയായിരുന്നു. ഉണ്ണി മേനോനാണ് അച്ഛനെ പുകവലി പഠിപ്പിച്ചത്. എന്നിട്ട് അദ്ദേഹം പിന്നീട് നിർത്തി. അച്ഛൻ നിർബന്ധിച്ചപ്പോഴാണ് നിർത്തിയത്. പക്ഷെ അച്ഛൻ തുടർന്നു. പിന്നീട് മരിക്കുന്നതിന് കുറച്ച് കാലം മുമ്പ് ഒരു തോന്നലിന്റെ പുറത്ത് അച്ഛൻ നിർത്തിയിരുന്നു. പിന്നീട് ഞാൻ ഗന്ധർവൻ സിനിമ തുടങ്ങിയശേഷം വീണ്ടും ആരംഭിച്ചു.
അച്ഛന്റെ ജേഷ്ഠന്റേയും പെട്ടന്നുള്ള മരണമായിരുന്നു. അദ്ദേഹം അച്ഛന്റെ ആരാധന പുരുഷനായിരുന്നു. നാല്‍പ്പതാം വയസിലാണ് മരിച്ചത്. ആരോഗ്യദൃഢഗാത്രനായിരുന്നു. നെഞ്ചുവേദന വന്നതാണ്. ചിരിച്ചോണ്ട് ആശുപത്രിയിലേക്ക് കയറിപ്പോയ ആളാണ്. പെട്ടന്ന് മരിച്ചു. അത് ആരും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്റെ മരണത്തിന് മുമ്പ് ഞങ്ങള്‍ക്കും അച്ഛന്റെ സുഹൃത്തുക്കള്‍ക്കുമെല്ലാം മുന്നറിയിപ്പ് പോലെ ചില സൂചനകള്‍ ലഭിച്ചിരുന്നു.
അച്ഛൻ മരിച്ചുവെന്ന വാർത്ത വീട്ടില്‍ അറിയിക്കാൻ വേണ്ടി എം.ജി രാധാകൃഷ്ണനും പ്രൊഡക്ഷനിലെ ഒരാളും കൂടിയാണ് വന്നത്. അവർ എന്നേയും കൂട്ടിക്കൊണ്ടാണ് വീട്ടിലേക്ക് പോയത്. അമ്മൂമ്മയെ അച്ഛന്റെ മരണ വാർത്ത അറിയിച്ചത് അമ്മൂമ്മയുടെ ജേഷ്ഠന്റെ മകനായിരുന്നു. ഉച്ചയോടെയാണ് മരണ വാർത്ത പ്രചരിച്ച് തുടങ്ങിയത്. അദ്ദേഹം വീട്ടില്‍ വന്നു... പക്ഷെ അമ്മൂമ്മയോട് പറയാൻ അദ്ദേഹത്തിന് കഴിയുന്നില്ല.
അവസാനം അവിടെ ഉണ്ടായിരുന്ന റേഡിയോയില്‍ വാർത്ത വെച്ചു. അതില്‍ പി. പത്മരാജൻ അന്തരിച്ചുവെന്ന് പറയുന്നത് കേട്ടപ്പോഴാണ് അമ്മൂമ്മ അറിഞ്ഞത്. അവനും പോയല്ലേ... എന്ന പ്രതികരണമാണ് അമ്മൂമ്മയില്‍ നിന്നും വന്നത്. അത്രയെ ഉണ്ടായിരുന്നുള്ളു. അല്ലാതെ പൊട്ടിക്കരച്ചിലൊന്നും ഉണ്ടായിരുന്നില്ല. ഡ്രാമയില്ലാത്ത ഡ്രാമാറ്റിക്ക് മൊമന്റായിരുന്നു....’’അനന്തപത്മനാഭൻ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പത്മനാഭന്‍ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത്.
മലയാള സിനിമയ്ക്ക് ഉണ്ടായ വലിയൊരു നഷ്ടമായിരുന്നു പി. പത്മരാജന്റെ അകാല മരണം. ജീവിതത്തിലെ തീവ്രാനുഭവങ്ങള്‍ കൊണ്ട് പ്രേക്ഷകരെ നൊമ്പരപ്പെടുത്താനും, ചെറിയ സന്തോഷങ്ങള്‍ കൊണ്ട് പുഞ്ചിരിപ്പിക്കാനും, പ്രണയമഴയില്‍ കുളിര്‍പ്പിക്കുവാനും പറ്റുന്ന ക്ലാസിക് രചനകളും സിനിമകളുമാണ് പി. പത്മരാജന്‍ മലയാളത്തിന് നല്‍കിയത്. പത്മരാജനൊരുക്കിയ മലയാള സിനിമകള്‍ കാണാത്ത പ്രേക്ഷകര്‍ കുറവായിരിക്കും.