-->
തിരുവനന്തപുരം: വിഴിഞ്ഞത്ത് ആഴിമലക്കടലിനെ പശ്ചാത്തലമാക്കി പാറയിൽ നിന്ന് സെൽഫിയെടുക്കവെ പെട്ടെന്നുണ്ടായ തിരയടിച്ച് യുവാവിനെ കടലിൽ വീണു കാണാതായതായി സംശയം. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് അപകടമുണ്ടായതെന്നാണ് ലഭിച്ച വിവരം. സമീപത്തെ പാറക്കെട്ടിലിരുന്ന് ചൂണ്ടയിട്ട് മീൻപിടിത്തം നടത്തിക്കൊണ്ടിരുന്ന ഉച്ചക്കട സ്വദേശി അരുണാണ് സംഭവം കണ്ടതായി നാട്ടുകാരെ അറിയിച്ചത്. ആഴിമല ശിവക്ഷേത്രത്തിന് പുറകുവശത്തുളള പാറക്കെട്ടിൽ താഴെയുളള പാറയിൽനിന്ന് സെൽഫിയെടുക്കുമ്പോഴായിരുന്നു യുവാവ് തിരയിൽപ്പെട്ടത്. കുറച്ചുനേരം പാറയിൽനിന്ന സെൽഫിയെടുക്കുന്നത് കണ്ടിരുന്നുവെന്നും പിന്നീട് കാണാതായെന്നുമാണ് അരുൺ പോലീസിന് നൽകിയ വിവരമെന്ന് കോസ്റ്റൽ എസ്.എച്ച്.ഒ. വി. എസ്.വിപിൻ പറഞ്ഞു. ആളെ തിരിച്ചറിയാനായിട്ടില്ലെന്ന് വിഴിഞ്ഞം കോസ്റ്റൽ പോലീസ് പറഞ്ഞു.
സംഭവമറിഞ്ഞയുടനെ വിഴിഞ്ഞം പോലീസ് അപകടസ്ഥലത്തെത്തി. തുടർന്ന് വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡിനും കോസ്റ്റൽ പോലീസിനും ഫിഷറീസിന്റെ മറൈൻ എൻഫോഴ്‌സ്‌മെന്റിനും വിവരം നൽകി. ഇതേ തുടർന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസിന്റെ ബോട്ടിൽ മുങ്ങൽ വിദഗ്ധരായ കോസ്റ്റൽ വാർഡൻമാരും ഉദ്യോഗസ്ഥരും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ വളളത്തിൽ ലൈഫ് ഗാർഡുകളും പോലീസും ഉൾപ്പെട്ടവർ എത്തി. ആഴിമലക്കടലിലും അടിമലത്തുറക്കടൽ എന്നിവിടങ്ങളിലും സന്ധ്യക്കും തിരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച തിരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച തിരച്ചിൽ തുടരുമെന്ന് കോസ്റ്റൽ പോലീസ് പറഞ്ഞു.