-->
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റന്‍ വാട്ടര്‍ടാങ്ക് തകര്‍ന്നു. വെള്ളം ഇരച്ച് പുറത്തേയ്ക്ക് കുത്തിയൊഴുകി സമീപപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. 1.38 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ 1.10 ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ടാങ്കില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
വാട്ടര്‍ടാങ്ക് തകര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും. അതിവേഗത്തില്‍ വെള്ളം പുറത്തേയ്ക്ക് ഒഴുകിയതിനെ തുടര്‍ന്ന് പ്രളയസമാനമായ സാഹചര്യമാണ് ഉണ്ടായത്. തൊട്ടടുത്ത വീടുകളില്‍ നിമിഷ നേരം കൊണ്ട് വെള്ളം കയറി. അടുത്തിടെ പുതുക്കി പണിത റോഡ് തകര്‍ന്നു. ഇരുചക്രവാഹനങ്ങള്‍ ഒഴുകി പോകുകയും ചെയ്തു. വീടിനുള്ളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായി. അനേകം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കമ്പ്യൂട്ടര്‍, വാഷിങ്മെഷീന്‍, ഫ്രിഡ്ജ്, മോട്ടര്‍ അടക്കം ചില വീടുകളില്‍ വലിയ രീതിയില്‍ നാശനഷ്ടമുണ്ടായി.
കൊച്ചി നഗരത്തിലെ 80 ശതമാനം ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണം നടക്കുന്ന ടാങ്കില്‍ 24 മണിക്കൂറും പമ്പിംഗ് നടക്കുന്ന സ്റ്റേഷനാണിത്. തമ്മനം, കടവന്ത്ര, വൈറ്റില, കലൂര്‍, പനമ്പിള്ളിനഗര്‍, പാലാരിവട്ടം, പേട്ട, സൗത്ത് തുടങ്ങിയ ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണമാകും മുടങ്ങുക. ആലുവയില്‍ നിന്ന് വരുന്ന വെള്ളം സംഭരിക്കുന്നയിടം കൂടിയാണിത്.