-->
ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. നിരപ്പേൽ കട ഈറ്റപ്പുറത്ത് സുകുമാരൻ (64) ആണ് കൊലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു .
സുകുമാരന്റെ അച്ഛൻറെ പെങ്ങളാണ് തങ്കമ്മ. ഇവരാണ് സുകുമാരനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിെന്റ പ്രാഥമിക നിഗമനം . അതേസമയം, പൊള്ളലേറ്റ തങ്കമ്മയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
സുകുമാരനും തങ്കമ്മയും തമ്മിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇതിൽ സുകുമാരനെതിരെ ഇവർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 15 ദിവസം മുമ്പാണ് തങ്കമ്മ സുകുമാരന്റെ വീട്ടിൽ എത്തിയത്. ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ സുകുമാരനെ നാട്ടുകാരുടെ നേതൃത്വത്തിൽ ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.