-->
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കേരളസന്ദര്‍ശനം ഇന്ന് തുടങ്ങും. ഇന്നത്തെ ശബരിമല ദര്‍ശനം ഉള്‍പ്പടെ നാല് ദിവസത്തെ പര്യടനമാണ് ഉള്ളത്. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്നലെ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാജ്ഭവനിലാണ് താമസിച്ചത്.
ഇന്ന് രാവിലെ 9.35 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ശബരിമലയിലേക്ക് രാഷ്ട്രപതി യാത്ര തിരിക്കും. ഹെലികോപ്റ്ററില്‍ നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി റോഡ് മാര്‍ഗം പമ്പയിലെത്തും. പമ്പ ഗണപതിക്ഷേത്രത്തില്‍ നിന്ന് കെട്ട് നിറച്ച്, പ്രത്യേക ഗൂര്‍ഖാ ജീപ്പില്‍ വാഹനവ്യൂഹം ഒഴിവാക്കിയാണ് മലകയറുക. സ്വാമി അയ്യപ്പന്‍ റോഡിലൂടെയാണ് മലകയറ്റം. പന്ത്രണ്ട് മണിയോടെ സന്നിധാനത്ത് എത്തി ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ദേവസ്വം ഗസ്റ്റ് ഹൗസില്‍ തങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിയോടെ പമ്പയിലേക്ക് തിരിക്കും.
ശബരിമല ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി, ഗവര്‍ണര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. 23ന് രാവിലെ രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ശേഷം ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാലാ സെയ്ന്റ് തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. 24ന് എറണാകുളം സെയ്ന്റ് തെരാസസ് കോളേജിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് ഡല്‍ഹിയിലേക്കുള്ള മടങ്ങുക.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ശബരിമലയില്‍ സുരക്ഷ ശക്തമാക്കി. ഇന്നലെ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.