-->
കോഴിക്കോട്: പേരാമ്പ്രയുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തില്‍ രണ്ടു ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം. വടകര ഡിവൈഎസ്പി ഹരിപ്രസാദിനെയും പേരാമ്പ്ര ഡിവൈസ്പി സുനില്‍ കുമാറിനെയുമാണ് സ്ഥലം മാറ്റിയത്. പേരാമ്പ്രയില്‍ വെച്ച് ഷാഫി പറമ്പിലിന് മര്‍ദനമേറ്റതില്‍ ഇരുവര്‍ക്കുമെതിരെ ആക്ഷേപമുയര്‍ന്നതിന് പിന്നാലെയാണ് ഇരുവരേയും സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഹരിപ്രസാദിനെ കോഴിക്കോട് നോര്‍ത്തിലേക്കും സുനില്‍ കുമാറിനെ കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചിലേക്കുമാണ് മാറ്റിയത്. സംഘര്‍ഷത്തിനിടയില്‍ ഷാഫി പറമ്പില്‍ എംപിക്ക് ലാത്തിയടിയേറ്റത് വലിയചര്‍ച്ചയ്ക്കും വിവാദത്തിനും വഴിവെച്ചിരുന്നു. പോലീസ് ഉന്നതോദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള സ്ഥലംമാറ്റമെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക വിശദീകരണം.
നേരത്തേ പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കി പോലീസ് 700-ഓളം പേര്‍ക്കെതിരേ ആദ്യം കേസെടുത്തിരുന്നു. ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തില്‍ ലഭിച്ച വിഡീയോദൃശ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് പറഞ്ഞ് പോലീസിനെതിരേ സ്‌ഫോടകവസ്തു എറിഞ്ഞുവെന്നതിന്റെപേരില്‍ പിന്നീട് ഒരു കേസുകൂടി എടുത്തിരുന്നു.
ഇതിനെതിരേ മറ്റൊരു വീഡിയോദൃശ്യവുമായി കോണ്‍ഗ്രസും എത്തിയിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ടിയര്‍ഗ്യാസിനൊപ്പം പോലീസ് ഗ്രനേഡും ഉപയോഗിച്ചു. ഇതിനിടയില്‍ സ്ഫോടക വസ്തു എറിഞ്ഞെന്നുമാണ് ആരോപണം.