-->
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ വീടിന് നേരെ ബോംബ് ഭീഷണി. ചെന്നൈയിലെ വസതിക്ക് നേരെയാണ് ഭീഷണി സന്ദേശം വന്നത്. മൈലാപ്പുരിലെ വസതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയില്‍ സന്ദേശം ചെന്നൈയില്‍ സുരക്ഷാ ഭീതി പരത്തി. ഇന്നലെ രാത്രിയോടെ പോലീസ് സംഘം സ്ഥലത്തെത്തി പ്രദേശം വളഞ്ഞു.
തമിഴ്‌നാട് ഡിജിപി ഓഫീസിലേക്കാണ് ഇമെയില്‍ സന്ദേശം എത്തിയത്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഉടന്‍ പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ പരിശോധന നടന്നെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷം ഭീഷണി വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
അതേസമയം ചെന്നൈയിലെ പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ സ്റ്റുഡിയോയിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ നടപടികള്‍ വേഗത്തിലാക്കിയിരുന്നു. ഇളയരാജയുടെ സ്റ്റുഡിയോയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സന്ദേശം വ്യാജമാണെന്ന് തെളിയുകയായിരുന്നു.