-->
ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്നത് സിപിഐഎം നിയമപരമായി വാങ്ങിയ ഭൂമിയിലാണെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍. എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയായ ഇന്ദുവാണ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ എകെജി സെന്റര്‍ നിലനില്‍ക്കുന്ന ഭൂമി നിയമപരമായ എല്ലാ സാധുതയും ഉള്ളതാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. 2021 ല്‍ പാര്‍ട്ടി വാങ്ങുമ്പോള്‍ ഈ ഭൂമിയില്‍ നിയമപരമായ ഒരു കേസും നിലനില്‍ക്കുന്നുണ്ടായിരുന്നില്ല എന്നും അതുകൊണ്ടു തന്നെ സിപിഐഎം നടത്തിയ ഭൂമിയിടപാട് നിയമപരമായ രീതിയില്‍ മാത്രമുള്ളതാണെന്നും ഇതിനെതിരേ നല്‍കിയിട്ടുള്ള ഹര്‍ജി തള്ളണമെന്നും പാര്‍ട്ടി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1998 ല്‍ താനും മുത്തച്ഛന്‍ പി. ജനാദ്ധനന്‍ പിള്ളയും ചേര്‍ന്ന് വാങ്ങിയ 32 സെന്റ് ഭൂമി തിരുവനന്തപുരത്തെ കോടതി ലേലം ചെയ്തുവെന്നാണ് ഇന്ദുവിന്റെ പരാതി. എന്നാല്‍ ഭൂമിയുടെ ആദ്യ ഉടമകള്‍ പോത്തന്‍ കുടുംബാംഗങ്ങള്‍ ആയിരുന്നു. അവര്‍ ഫിനാന്‍സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തിനടപടികളിലേക്ക് പോയിരുന്നു. ജപ്തി നടപടികള്‍ക്ക് ഇടയിലായിരുന്നു ഇന്ദു ഈ ഭൂമി വാങ്ങിയതെന്നാണ് സിപിഐഎം ആരോപിക്കന്നത്.
ലാഭം ലക്ഷ്യമിട്ടുള്ള റിസ്‌ക്ക് ആയിരുന്നു ഇന്ദു എടുത്തതെന്നും സത്യവാങ്മൂലത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പറയുന്നു. എന്നാല്‍ സിപിഐഎം ഈ ഭൂമി വാങ്ങുന്ന കാലത്ത് നിയപരമായ ഒരു കേസും നിലവിലില്ലായിരുന്നെന്നും പിന്നീട് 30 കോടിയോളം രൂപ ചെലവിട്ട് ഒമ്പത് നില കെട്ടിടം പണിയുകയായിരുന്നെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.