-->
കോഴിക്കോട്: പേരാമ്പ്രയില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് എം.പി. ഷാഫി പറമ്പിലിന് പരിക്കേറ്റത് പോലീസിന്റെ ലാത്തിയടിയില്‍ നിന്നു തന്നെ. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളില്‍ നിന്നും കാണാനാവുന്നത്. ഷാഫിയെ അടിച്ചിട്ടില്ലെന്നായിരുന്നു ഇന്നലെ പോലീസിന്റെ ന്യായീകരണം.
ലാത്തിച്ചാര്‍ജ് നടന്നിട്ടില്ലെന്നായിരുന്നു ഇന്നലെ പോലീസ് പറഞ്ഞത്. എന്നാല്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന്റെ വാദം പൊളിക്കുന്നതാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് ലാത്തിക്ക് പോലീസ് ഷാഫിയുടെ തലയില്‍ അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒന്നര മണിക്കൂറോളം റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പോലീസ്‌വാദം.
സംഭവത്തിന് പിന്നാലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് പൊലീസ് ആണെന്ന് ആരോപിച്ച് കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്ന റൂറല്‍ എസ് പിയുടെ വാദം തെറ്റാണെന്നും ലാത്തിച്ചാര്‍ജില്‍ അല്ലാതെ എങ്ങനെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റതെന്നുമാണ് കോണ്‍ഗ്രസ് ചോദിച്ചത്.
സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉള്‍പ്പടെ എട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരെയുമാണ് കേസ്. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍.
സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളായ കെ സുനില്‍, കെ കെ രാജന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം ഷാഫിക്ക് പരിക്കേറ്റില്ലെന്നും എം പിയ്ക്ക് പരിക്ക് പറ്റിയെങ്കില്‍ അവരുടെ പ്രവര്‍ത്തകരുടെ കയ്യോ മറ്റോ അബദ്ധത്തില്‍ കൊണ്ടത് കൊണ്ടാകാമെന്നുമാണെന്നുമായിരുന്നു സിപിഐഎം പറഞ്ഞത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസും കുരുക്കിലായിരിക്കുകയാണ്.