-->
കൊച്ചി: ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ഇന്ന് നടക്കുന്ന ആഗോള അയ്യപ്പസംഗമത്തില്‍ എതിര്‍ക്കാന്‍ യുഡിഎഫിന്റെയും ബിജെപിയുടെയും തീരുമാനം. അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം രാഷ്ട്രീയ നേട്ടം മാത്രമാണെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാതെ സഹകരണമില്ലെന്നാണ് യുഡിഎഫ് പ്രഖ്യാപനം. സംഘപരിവാര്‍ സംഘടനകള്‍ ബദല്‍ സംഗമവും സംഘടിപ്പിക്കുന്നുണ്ട്.
സ്വര്‍ണ്ണപ്പാളി തട്ടിയെടുത്തവരെ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സംരക്ഷിക്കുന്ന സാഹചര്യത്തില്‍ അയ്യപ്പഭക്തര്‍ സംഗമത്തിന് പോകരുതെന്നാണ് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തിരിക്കുന്നത്. ബദല്‍ സംഗമം സംഘടിപ്പിച്ച് വിശ്വാസികളുടെ പിന്തുണ നേടാനാണ് സംഘപരിവാര്‍ സംഘടനകളുടെ ശ്രമം. 22ന് പന്തളത്താണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംഘവും സംഘടിപ്പിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നടക്കം 3,000 പ്രതിനിധികള്‍ പങ്കെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. ഇവര്‍ക്കൊപ്പം മത, സാമുദായിക, സാംസ്‌കാരിക രംഗത്തുള്ള 500 പേരും പങ്കെടുക്കും. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്കു ക്ഷേത്രങ്ങളിലെ തനതു ഫണ്ട് ഉപയോഗിക്കാമെന്നു വ്യക്തമാക്കി മലബാര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
മലബാര്‍ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച ശേഷമായിരുന്നു ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. ഇത്തരത്തില്‍ ഒരു ഉത്തരവ് എന്തിനു പുറപ്പെടുവിച്ചെന്നും ക്ഷേത്ര ഫണ്ടില്‍നിന്ന് എന്തിനു പണം ചെലവഴിക്കണമെന്നും ഹൈക്കോടതി ചോദിച്ചു.
ഉത്തരവിനെതിരേ കാഞ്ഞങ്ങാട് സ്വദേശി എ.വി. രാമചന്ദ്രനാണു ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിന്റെ തനതു ഫണ്ട് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കാന്‍ ദേവസ്വം കമ്മിഷണര്‍ക്ക് അധികാരമില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. മലബാര്‍ ദേവസ്വം ബോര്‍ഡ് വലിയ രീതിയില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു ഉത്തരവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. മലബാര്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ജസ്റ്റിസ് രാജാ വിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നേട്ടീസയച്ചു.