Saturday, March 14, 2026 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 07.19 PM

‘അബ്ബയെ വിവാഹം ചെയ്യും മുമ്പ് അമ്മ മതം മാറി അയേഷ ആയി; പക്ഷേ പ്രൊഫഷണല്‍ കരിയറില്‍ അമ്മയെന്നും ഷർമ്മിള ടാഗോറാണ്...’ സോഹ അലി ഖാന്‍

ഇന്ത്യൻ ക്രിക്കറ്റിലേയും രാജകുമാരനായ മൻസൂർ പട്ടൗഡിയും ബോളിവുഡിന്റെ ഇതിഹാസ താരം ഷര്‍മ്മിള ടാഗോറും തമ്മിലുള്ള വിവാഹം അക്കാലത്ത് ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. ഇപ്പോഴിതാ തന്റെ അച്ഛനെ വിവാഹം ചെയ്യും മുമ്പ് അമ്മ മതം മാറിയിരുന്നു എന്ന് പറയുകയാണ് ഇവരുടെ മകള്‍ ​സോഹ അലി ഖാന്‍.
uploads/news/2025/09/800675/Untitled-6.jpg
Soha Ali Khan about her mother Sharmila Tagore (Image Source: Youtube)

ഹിന്ദി, ബംഗാളി സിനിമകളിലായി ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറുള്ള ഇതിഹാസ താരമാണ് ഷര്‍മ്മിള ടാഗോര്‍. ആരാധന, അമർ പ്രേം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഷർമിള ടാഗോർ 1960 കളില്‍ ഹിന്ദി സിനിമയിലെ ഒരു മുൻനിര അഭി​നേത്രിയായിരുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ടൈഗർ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന മൻസൂർ അലി ഖാൻ പട്ടൗഡിയെ ഷര്‍മ്മിള കണ്ടുമുട്ടിയതും പ്രണയത്തിലായതും.
വ്യത്യസ്ത മതവിഭാ​ഗങ്ങളിൽ നിന്നുള്ളവരായതു കൊണ്ട് വിവാഹം അവര്‍ക്കൊരു വെല്ലുവിളിയായിരുന്നു. 1969-ൽ അവരുടെ വിവാഹം ഇന്ത്യയിലെ ഏറ്റവും ഗ്ലാമറസ് ലോകങ്ങളിൽ രണ്ട് പേരെ ഒരുമിച്ച് കൊണ്ടുവന്നു. വിവാഹശേഷവും ഷര്‍മ്മിള കരിയറിലും സ്വകാര്യ ജീവിതത്തിലും ഒരുപോലെ തിളങ്ങി. സെയ്ഫ് അലി ഖാൻ, സോഹ അലി ഖാൻ, സബ അലി ഖാൻ എന്നിങ്ങനെ മൂന്നു മക്കളും ഇവര്‍ക്ക് ജനിച്ചു.
ഇപ്പോഴിതാ തന്റെ അമ്മയായ ഷർമ്മിള ടാഗോർ എപ്പോഴും സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചിരുന്നതായി പറയുകയാണ് മകള്‍ സോഹ അലി ഖാൻ. മൻസൂർ അലി ഖാൻ പട്ടൗഡിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഷർമ്മിള ടാഗോർ ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെന്നും അവരുടെ യഥാർത്ഥ പേര് അയേഷ എന്നായിരുന്നുവെന്നും സോഹ അലിഖാൻ പറഞ്ഞു.
‘‘എന്റെ മാതാപിതാക്കളായ ഷർമിള ടാഗോറിനും ക്രിക്കറ്റ് താരം ടൈഗർ പട്ടൗഡിക്കും അവരുടെ വിവാഹത്തില്‍ ഒരിക്കലും തടസ്സങ്ങള്‍ ഉണ്ടായിട്ടില്ല. അമ്മ ചിലപ്പോഴൊക്കെ പറഞ്ഞിട്ടുണ്ട്, ‘അബ്ബ ​​ജോലിക്കു വിടാന്‍ സമ്മതം തന്നിരുന്നോ’ എന്ന് അമ്മയോട് പലരും ചോദിച്ചിട്ടുണ്ടെന്ന്. പക്ഷേ അങ്ങനെയൊന്നും ആയിരുന്നില്ല അബ്ബ. കുറച്ചു പരുക്കന്‍ സ്വഭാവവും കാര്‍ക്കശ്യവും ഫ്യൂഡൽ പശ്ചാത്തലമൊക്കെ ഉണ്ടായിരുന്നെങ്കിലും, അബ്ബ വളരെ പുരോഗമനവാദിയായിരുന്നു. ഒരു അഭിനേത്രിയെ, സിനിമയില്‍ ജോലി ചെയ്യുന്ന ഒരാളിനെയാണ് വിവാഹം ചെയ്തതെന്ന് അബ്ബയ്ക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഇന്നും പല പുരുഷന്മാര്‍ക്കും തങ്ങളുടെ പ്രണയിനി അല്ലെങ്കില്‍ ഭാര്യ സ്ക്രീനില്‍ മറ്റൊരാളുമായി റൊമാന്‍സ് ചെയ്യുന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ചിലപ്പോൾ നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാൾ സ്ക്രീനില്‍ മറ്റൊരാളുമായി പ്രണയത്തിലാകുന്നത് ലോകത്തിലെ ഏറ്റവും മികച്ച വികാരമായിരിക്കില്ല. പക്ഷേ അബ്ബ വളരെ പുരോഗമനവാദിയായിരുന്നു, അങ്ങനെയൊന്നും ചിന്തിച്ചില്ല. അമ്മയുടെ കരിയറിനെ കരിയറായി കണ്ടു. അമ്മ വിവാഹശേഷം കരിയറില്‍ ശ്രദ്ധ കൊടുത്തപ്പോള്‍ അബ്ബ അതിനെ പൂര്‍ണ്ണമായും സപ്പോര്‍ട്ട് ചെയ്തു. അമ്മയാണെങ്കിലും ജോലിക്കും കുടുംബത്തിനും ഒരുപോലെ സമയം കണ്ടെത്തുകയും ചെയ്തു.
അബ്ബയെ വിവാഹം കഴിക്കുന്നതിന് മുമ്പ് എന്റെ അമ്മ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. വിവാഹത്തിന് മുമ്പ് അമ്മ മതം മാറി, അമ്മയുടെ പേര് അയേഷ എന്നാണ്. ഇത് പക്ഷേ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു, കാരണം ചിലപ്പോള്‍ അയേഷ എന്നും ചിലപ്പോള്‍ ഷർമ്മിള എന്നും എഴുതുമായിരുന്നു. തന്റെ പ്രൊഫഷണല്‍ കരിയറില്‍ ഉടനീളം അമ്മ ഷർമ്മിള ടാഗോർ ആയിരുന്നതിനാല്‍, ആളുകള്‍ ഇപ്പോഴും അമ്മയെ ഷർമ്മിള ടാഗോർ എന്നാണ് അറിയുന്നത്.
എന്റെ ബാല്യത്തില്‍ ക്രിക്കറ്റ് കളിക്കാരനായിട്ടും അബ്ബ വീട്ടിൽ തന്നെയിരുന്ന് രക്ഷിതാവായി, അന്ന് എന്റെ അമ്മയായിരുന്നു വീട്ടി​ലെ ‘ഏക വരുമാനക്കാരൻ’. അമ്മ എന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിതം നയിച്ചിട്ടുണ്ട്, ഇപ്പോഴും അങ്ങനെയാണ്. വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോള്‍ ഇഷ്ടപ്പെട്ട ആളിനെ ജീവിതപങ്കാളിയാക്കി. അതു കഴിഞ്ഞ് അമ്മയ്ക്ക് ജോലി ചെയ്യണ​മായിരുന്നു, അത് ചെയ്തു. ഇതിനിടയില്‍ ഞങ്ങള്‍ മൂന്നു മക്കള്‍ക്ക് ജന്മവും നല്‍കി. 1960 കളിൽ ബിക്കിനിയിൽ പോസ് ചെയ്ത് അമ്മ മാഗസിനുകളില്‍ നിറഞ്ഞു. സ്വതന്ത്രയും ദൃഢനിശ്ചയവുമുള്ള ഒരു സ്ത്രീ, സ്വന്തം ഇഷ്ടപ്രകാരം ജീവിതം നയിച്ചു, സിനിമാ മേഖലയിലെ സ്ത്രീകൾക്ക് അസാധാരണമായ ഒരു സമയത്ത് ധീരമായ തീരുമാനങ്ങൾ എടുത്തു, അതാണ് അമ്മ...’’ ​സോഹ അലി ഖാന്‍ പറഞ്ഞു.

ഹരിയാനയിലെ പട്ടൗഡിയിലെ ഒമ്പതാമത്തേയും അവസാനത്തേയും നവാബും ഇന്ത്യൻ ക്രിക്കറ്റിലേയും രാജകുമാരനായ മൻസൂർ പട്ടൗഡിയെ ഷര്‍മ്മിള വിവാഹം ചെയ്തത് 1968 ഡിസംബർ 27 നാണ്. വിവാഹശേഷം നടിമാർ പൊതുവെ ഇടവേള എടുക്കാറുണ്ടായിരുന്ന ഒരു കാലത്ത്, ഷർമിള ടാഗോർ തന്റെ കരിയറിനു മുൻഗണന നൽകുന്നതിൽ തുടർന്നു. വീട്ടുജോലികൾക്കായി സമയം ചെലവഴിക്കുന്നതിനൊപ്പം തന്നെ അവർ തന്റെ കരിയറിനും മുൻഗണന നൽകി.
പണ്ടൊരിക്കല്‍ സിമി ഗരേവാളിന്റെ ടോക്ക് ഷോയില്‍, മൻസൂർ അലി ഖാൻ പട്ടൗഡി, ആയിഷ എന്ന പേര് നിർദ്ദേശിച്ചത് താനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ‘‘അത് എളുപ്പമായിരുന്നില്ല, വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നില്ല. അതിനെ നേരിടുകയും മനസ്സിലാക്കുകയും ചെയ്യണമായിരുന്നു. നിങ്ങൾക്ക് അതിനെക്കുറിച്ച് വളരെ നിസ്സാരമായി പെരുമാറാൻ കഴിയില്ല. അതിനുമുമ്പ്, ഞാൻ വലിയ മതവിശ്വാസിയല്ലായിരുന്നു. ഇപ്പോൾ, എനിക്ക് ഹിന്ദുമതത്തെയും ഇസ്ലാമിനെയും കുറിച്ച് കൂടുതൽ അറിയാമെന്ന് ഞാൻ കരുതുന്നു...’’ എന്നാണ് ഷർമിള ടാഗോർ ഷോയില്‍ വച്ച് ഇതിനെക്കുറിച്ച് പറഞ്ഞത്.

Ads by Google
Saturday 13 Sep 2025 07.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW