-->
തിരുവനന്തപരും: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ നടക്കുന്ന രൂക്ഷമായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതൃത്വം. ഭൂരിപക്ഷവും കോണ്‍ഗ്രസിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡിലുകളായിട്ടും നേതൃത്വത്തില്‍ നിന്നും ആരും സംരക്ഷിക്കാനോ പ്രതിരോധിക്കാനോ എത്താത്തതില്‍ സതീശന്‍ വിഭാഗത്തിന് കടുത്ത പ്രതിഷേധം ഉള്ളതായുമാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ നേതാവിനെ കോണ്‍ഗ്രസിന്റെ പേരിലുള്ള സൈബര്‍ഹാന്‍ഡിലുകള്‍ രൂക്ഷമായിട്ടാണ് വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും.
സമീപകാലത്ത് വി.ഡി. സതീശന്‍ എടുത്തിരിക്കുന്ന നിലപാടാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നതെന്നാണ് കരുതുന്നത്. ലൈംഗികാപവാദ വിഷയത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണയ്ക്കില്ലെന്ന നിലപാട് എടുത്തതിന് പിന്നാലെയാണ് സതീശനെതിരേ വിമര്‍ശനം തുടങ്ങിയത്. കോണ്‍ഗ്രസ് ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലാണെന്നും റീല്‍സിലും സാമൂഹ്യമാധ്യമങ്ങളിലുമല്ലെന്ന് കഴിഞ്ഞദിവസം സതീശന്‍ പറഞ്ഞിരുന്നു. ഈ രണ്ടു പ്രസ്താവനകളും സൈബര്‍ പോരാളികളെ ചൊടിപ്പിച്ചിരിക്കുകയാണ്.
സതീശന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴില്‍ കമന്റ് സെക്ഷനില്‍ ശക്തമായ വിമര്‍ശനവും ആക്ഷേപവും തുടര്‍ന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധിക്കാന്‍ എത്തിയിട്ടില്ല. റോജി എം. ജോണ്‍ എം.എല്‍.എ മാത്രമാണ് പ്രതിപക്ഷനേതാവിന് പിന്തുണയുമായി എത്തിയിട്ടുള്ളത്. അതേസമയം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ മിണ്ടാത്തത് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളെയും അതൃപ്തിപ്പെടുത്തിയിട്ടുണ്ട്. ഇത്രയും വലിയ സൈബര്‍ ആക്രമണം നടന്നിട്ടും എന്തുകൊണ്ട് നേതാക്കള്‍ മിണ്ടുന്നില്ല എന്ന് ചോദ്യം യൂത്ത് കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുടെ മൗനം കുലം മുടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും അവര്‍ പറയുന്നു.
യൂത്ത്‌കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പോലീസ് മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് ഓണസദ്യ ആസ്വദിക്കുകയായിരുന്നു എന്നാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന ആക്ഷേപം. രാഹുല്‍മാങ്കൂട്ടത്തെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ കാരണവും സതീശനാണെന്നാണ് മറ്റൊരു വിമര്‍ശനം. കസ്റ്റഡിമര്‍ദ്ദനങ്ങളില്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് നേരത്തേ വി.ഡി. സതീശന്‍ ഫേസ്ബുക്കിലിട്ട കുറിപ്പിന് കീഴിലും മാരക ആക്രമണമാണ് നടത്തിയിരിക്കുന്നത്.