-->
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ്റെ ആശയങ്ങൾ വെള്ളാപ്പള്ളി പകർത്തി. വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എൻഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയർന്നുവെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവോത്ഥാന നായകനായ ശ്രീനാരായണഗുരു എല്ലാവരെയും ചേർത്തുപിടിക്കുക എന്നാശയമാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ നിർണായക സ്ഥാനം എസ്എൻഡിപിക്ക് ഉണ്ട്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലത്താണ് എസ്എൻഡിപി രൂപീകൃതമായത്. അറിവാണ് യഥാർത്ഥ ശക്തിയെന്നും, അത് നേടാനുള്ള ഏകമാർഗ്ഗം വിദ്യാഭ്യാസം ആണെന്നും പഠിപ്പിച്ചത് ഗുരുവാണ്.