-->
ഇന്‍ഡോര്‍: വൈദ്യുതി ഉത്പാദനത്തില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുന്ന കണ്ടുപിടിത്തവുമായി ഐഐടി ഇന്‍ഡോറിലെ ഗവേഷകര്‍. വെള്ളത്തില്‍ നിന്നും നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വെള്ളവും വായുവും മാത്രമാണ് ഇതുപ്രകാരം വൈദ്യുതി ഉത്പാദനത്തിന് ആവശ്യം. സുര്യപ്രകാശം, ബാറ്ററികള്‍ എന്നിവയും ടര്‍ബൈന്‍ പോലുള്ള ഉപകരണങ്ങളും ആവശ്യമില്ലെന്നതാണ് പുതിയ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഐഐടി ഇന്‍ഡോറിലെ സുസ്ഥിര ഊര്‍ജ്ജ, പരിസ്ഥിതി വിഭാഗം ഗവേഷകരായ പ്രൊഫ. ധീരേന്ദ്ര കെ. റായ്, ഖുശ്വന്ത് സിങ് എന്നിവരുടെ സംഘമാണ് ഗവേഷണത്തിന് പിന്നില്‍.
ജലബാഷ്പീകരണത്തിന്റെ സ്വാഭാവിക പ്രക്രിയയെ ഉപയോഗപ്പെടുത്തിയാണ് പുതിയ സംവിധാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. കാര്‍ബണിന്റെ ഒരു പാളി രൂപമായ ഗ്രാഫീന്‍ ഓക്‌സൈഡ്, സിങ്ക്-ഇമിഡാസോള്‍ എന്നിവ സംയോജിപ്പിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെംബ്രണ്‍ എന്നിവയാണ് കണ്ടുപിടിത്തം പ്രകാരമുള്ള വൈദ്യുതി ഉത്പാദനത്തിന്റെ കാതല്‍. മെംബ്രണ്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങുമ്പോള്‍, വെള്ളം സൂക്ഷ്മ ചാനലുകളിലൂടെ സഞ്ചരിച്ച് ബാഷ്പീകരിക്കപ്പെടുന്നു.