-->
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പുതിയ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജിനെ നിയമിച്ചതിന് പിന്നാലെ അവധിക്ക് അപേക്ഷിച്ച് ഡോ. കെ എസ് അനില്‍കുമാര്‍. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജായി രശ്മി ചുമതലയേറ്റതിന് പിന്നാലെയാണ് അനില്‍കുമാര്‍ അവധിക്ക് അപേക്ഷ നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ മാസം 20 വരെയാണ് അവധിക്ക് അപേക്ഷ നല്‍കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള ആള്‍ക്ക് എന്തിനാണ് അവധിയെന്നായിരുന്നു ഇതിന് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ പരിഹാസം.
ഇന്നലെ ചേര്‍ന്ന നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗത്തില്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ചുമതലയില്‍ നിന്ന് മിനി കാപ്പനെ മാറ്റണമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇടത് അംഗങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തതോടെ മിനി കാപ്പനെ മാറ്റി ജോയിന്റ് രജിസ്ട്രാറായിരുന്ന ആര്‍ രശ്മിക്ക് പകരം ചുമതലയും നല്‍കി. നേരത്തെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ നേരത്തേ മോഹന്‍ കുന്നുമ്മലിന് കത്തയച്ചിരുന്നു.
പദവി ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചാണ് വി സിക്ക് കത്ത് നല്‍കിയത്. സിന്‍ഡിക്കറ്റ് അറിയാതെ വി സി സ്വന്തം നിലയ്ക്ക് നിയമിച്ച അനധികൃത രജിസ്ട്രാറാണ് മിനി കാപ്പനെന്നായിരുന്നു ഇന്നലെ യോഗത്തില്‍ സിന്‍ഡിക്കറ്റ് അംഗങ്ങളുടെ വാദം. സിന്‍ഡിക്കേറ്റ് യോഗത്തില്‍ തയ്യാറാക്കിയ മിനിറ്റ്‌സും മോഹന്‍ കുന്നുമ്മേല്‍ ഒപ്പിട്ട മിനിറ്റ്‌സും രണ്ടായിരുന്നു. സിന്‍ഡിക്കേറ്റ് യോഗത്തിന്റെ മിനിറ്റ്‌സില്‍ അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തിട്ടില്ലെന്ന വിവരവും മോഹന്‍ കുന്നുമ്മേല്‍ ഒപ്പിട്ട മിനിറ്റ്‌സില്‍ ആര്‍ രശ്മിക്ക് ചുമതല നല്‍കിയെന്നുമാണ് ഉള്ളത്.