-->
കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിനെ തുടര്‍ന്ന് കടുത്ത സൈബറാക്രമണം നേരിടേണ്ടി വന്നതിനെക്കുറിച്ച് സരസമായി പ്രതികരിച്ച് നടി സീമ ജി. നായര്‍. തനിക്കിപ്പോള്‍ ഓര്‍മ വരുന്നത് മുന്‍പ് അഭിനയിച്ച സിനിമയുടെ പേരാണെന്നായിരുന്നു സീമ യുടെ പ്രതികരണം. പറന്ന് പറന്ന് പറന്ന് എന്ന സിനിമയുടെ പേര് പരാമര്‍ശിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.
‘ശുഭദിനം,നമുക്ക് ചിറകുകകൾ ഉണ്ടായിരുന്നുവെങ്കിൽ ഒന്ന് പറക്കാമായിരുന്നു എന്നൊക്കെ പലപ്പോളും തോന്നിയിട്ടുണ്ട് ..ഇന്നലെ ഞാൻ പറന്നുകൊണ്ടേയിരിക്കുകയിരുന്നു ,ചിറകുകൾ ഇല്ലാതെ , ഇതിനിടിയിൽ ,ലാലേട്ടന്റെ പുതിയ സിനിമയും പോയി കണ്ടു ..നല്ല സിനിമയായിരുന്നു ..സിനിമ കാണാൻ വേണ്ടി താഴെ വന്നു ,വീണ്ടും പറന്ന് തുടങ്ങി ..അപ്പോൾ എനിക്കോർമ്മ വന്നത് ,ഞാൻ അഭിനയിച്ച സിനിമയുടെ പേരാണ് പറന്ന് ,പറന്ന് ,പറന്ന്’ സീമ കുറിച്ചു.
ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച സീമ ജി നായരുടെ പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. രാഹുലിനെ പിന്തുണച്ചെഴുതിയ കുറിപ്പില്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരെത്തി. കടുത്ത സൈബറാക്രമണമാണ് വിഷയത്തില്‍ സീമയ്‌ക്കെതിരെ ഉയര്‍ന്നത്.
പെര്‍വേര്‍ട്ടറിനെ പിന്തുണച്ചാല്‍ പിന്നെ പൊന്നാട കിട്ടുമെന്ന് കരുതിയോ ചേച്ചി എന്നായിരുന്നു പുതിയ പോസ്റ്റില്‍ ഒരാളുടെ കമന്റ്. പൊന്നാടയല്ല ചുരുങ്ങിയത് 10 പവന്‍ എന്നാണ് അതിനു മറുപടിയായി നടി കുറിച്ചത്.