-->
ലക്‌നൗ: സ്ത്രീധനമായി പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണം നല്‍കുന്നതിന് പകരം തോക്കുകള്‍ നല്‍കാനുള്ള ഉത്തര്‍പ്രദേശിലെ ബാഗ്പത് മഹാപഞ്ചായത്തിന്റെ പുതിയ 'കന്യാദാന്‍' സന്ദേശം വൈറലാകുന്നു. നിക്കി ഭാട്ടി കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് ശേഷം യുപിയിലെ ബാഗ്പത്തില്‍ നടന്ന ഒരു 'കേസരിയ മഹാപഞ്ചായത്ത്' ആണ് വിവാഹങ്ങളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പകരം പിസ്റ്റളുകളും വാളുകളും പോലുള്ള ആയുധങ്ങള്‍ മകള്‍ക്ക് സമ്മാനമായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു ഗ്രേറ്റര്‍ നോയിഡയില്‍ സ്ത്രീധനത്തിന്റെ പേരില്‍ 28 വയസ്സുള്ള നിക്കി ഭാട്ടിയെ ക്രൂരമായി കൊല്ലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഞായറാഴ്ച ഗൗരിപൂര്‍ മിത്‌ലി ഗ്രാമത്തില്‍ നടന്ന ഈ സമ്മേളനത്തിന്റെ ഒരു വീഡിയോ ചൊവ്വാഴ്ച ഓണ്‍ലൈനില്‍ പ്രചരിച്ചു. കന്യാദാനം ചടങ്ങുകളില്‍ വധുവിന് പിസ്റ്റളോ, വാളോ, കഠാരയോ നല്‍കണമെന്ന് പ്രസംഗകര്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അഖിലേന്ത്യാ ക്ഷത്രിയ മഹാസഭ പ്രസിഡന്റ് താക്കൂര്‍ കുന്‍വര്‍ അജയ് പ്രതാപ് സിംഗ് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ''സാധാരണയായി കന്യാദാന സമയത്ത് നമ്മള്‍ മകള്‍ക്ക് സ്വര്‍ണ്ണം നല്‍കാറുണ്ട്, അത് അവര്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത ഒന്നാണ്. അവര്‍ ആഭരണങ്ങള്‍ ധരിച്ച് കമ്പോളത്തിലോ മറ്റ് സ്ഥലങ്ങളിലോ പോകുമ്പോള്‍ കള്ളന്മാര്‍ അത് കവര്‍ന്നെടുക്കുകയോ അല്ലെങ്കില്‍ മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. അതിനുപകരം, ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ അവര്‍ക്ക് ഒരു കഠാരയോ, പിസ്റ്റളോ അല്ലെങ്കില്‍ വാളോ നല്‍കുക.''
പണ്ട് റാണി ലക്ഷ്മിഭായിയെപ്പോലുള്ള ധീര വനിതകള്‍ സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നു, എന്നാല്‍ ഇന്നത്തെ കാലത്ത് പോലീസിനെ ഭയന്ന് ഇത് നിര്‍ത്തിവെച്ചു. ആയുധങ്ങള്‍ സ്വയം പ്രതിരോധത്തിന് ആവശ്യമാണെന്ന് സമ്മേളനത്തിലെ പ്രസംഗകര്‍ വിശ്വസിച്ചു, ഇത് ഒരു തികഞ്ഞ പരിഹാരമല്ല, ഒരു മാര്‍ഗ്ഗം മാത്രമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത ഒരാള്‍ പ്രതികരിച്ചു. രാജപുത് സമുദായത്തില്‍പ്പെട്ടവര്‍ കൂടുതലായി പങ്കെടുത്ത ഈ പരിപാടി ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.