-->
ഹൈദരാബാദ്: തെലങ്കാനയില്‍ അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. വികാരാബാദ് ജില്ലയിലെ കാമറെഡ്ഡിഗുഡ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി സ്വാതിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മഹേന്ദര്‍ റെഡ്ഡി പിടിയിലാകുന്നത്. ശനിയാഴ്ച വൈകുന്നേരം 4.30ക്ക് ഹൈദരാബാദിലെ ബാലാജി ഹില്‍സിലാണ് സംഭവം.
യുവതിയെ കൊലപ്പെടുത്തിയതിനു ശേഷം തല, കൈകള്‍, കാലുകള്‍ വേര്‍പ്പെടുത്തി പ്രതാപസിംഗാരത്തെ മുസി നദിയില്‍ ഉപേക്ഷിച്ചു. കൊലപാതകത്തിനുശേഷം ഇയാള്‍ സഹോദരിയെ വിളിച്ച് ഭാര്യയെ കാണാനില്ലെന്ന് അറിയിച്ചു. സംശയം തോന്നിയ സഹോദരി ബന്ധുവിനെ വിവരമറിയിക്കുകയും, തുടര്‍ന്ന് ഇയാള്‍ എത്തി മഹേന്ദറിനെയും കൂട്ടി പോലീസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ എത്തിയതിനുശേഷവും മഹേന്ദര്‍ ഭാര്യയെ കാണാനില്ലെന്ന വിവരം അറിയിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ശരീരത്തിന്റെ ഉടല്‍ഭാഗം വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രണയത്തിലായിരുന്ന സ്വാതിയും മഹേന്ദറും വിവാഹശേഷം ഹൈദരാബാദിലെ ബാലാജി ഹില്‍സിലേക്ക് താമസം മാറി. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. 2004ല്‍ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും തമ്മിലുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.