-->
തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായിട്ടും എം. മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവയ്ക്കാത്തത് ഉയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭാ അംഗത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം. ഷാഫി പറമ്പിലും കൂട്ടരും രാഹുല്‍ എം.എല്‍.എ. സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ്. പീഡനക്കേസില്‍ മുകേഷിനെതിരേ പോലീസ് കുറ്റപത്രം അടക്കം നല്‍കിയിട്ടുണ്ട്. എന്നിട്ടും സി.പി.എം. സംരക്ഷിച്ചു. ഈ സാഹചര്യത്തില്‍ പോലീസ് കേസൊന്നുമില്ലാത്ത രാഹുല്‍ തുടരട്ടേയെന്നതാണ് അവരുടെ പക്ഷം.
അതേസമയം, രാഹുല്‍ രാജിവച്ചാലും പാലക്കാട് ഉപതെരഞ്ഞെടുപ്പുണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷത്തില്‍ താഴയേ സമയമുള്ളൂ. അതുകൊണ്ട് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചാല്‍ കോണ്‍ഗ്രസിന് പ്രതിച്ഛായ നേട്ടമുണ്ടാകുമെന്നും കരുതുന്നവരുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് നിര്‍ണ്ണായകമാകും. വടകര ലോക്‌സഭാ സീറ്റില്‍ മത്സരിച്ച് ജയിച്ച ഷാഫി പറമ്പില്‍ പാലക്കാട് എം.എല്‍.എ. സ്ഥാനം രാജിവച്ചതോടെയാണ് അവിടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യതയായത്. തന്റെ വിശ്വസ്തനായ രാഹുലിനെ, ഷാഫി തന്നെ നിര്‍ത്തി വിജയിപ്പിക്കുകയായിരുന്നു. ഇത് പാലക്കാട്ടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുമായി. ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ രാഹുല്‍ പാലക്കാട് ചുവടുറപ്പിക്കുന്നതിനിടെയാണ് വിവാദവും കത്തിപടര്‍ന്നത്.
ഇത് പാലക്കാട് കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന് കരുതുന്നവരുണ്ട്. അതുകൊണ്ട് തന്നെ രാഹുല്‍ രാജിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഉപതെരഞ്ഞെടുപ്പ് പേടി വേണ്ടാത്തതിനാല്‍ മറ്റ് രാഷ്ട്രീയ തിരിച്ചടികളും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകില്ല. അതു ചെയ്തില്ലെങ്കില്‍ പാലക്കാട്ടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കംപ്രതിസന്ധിയുണ്ടാകും.
കോണ്‍ഗ്രസിന് വോട്ട് ചോദിക്കാന്‍ എം.എല്‍.എയ്ക്ക് പൊതുസമൂഹത്തില്‍ ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയും വരും. ഇതൊഴിവാക്കാന്‍ രാഹുല്‍ എം.എല്‍.എ. സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഏറെയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഈ പക്ഷത്താണ്. എന്നാല്‍ മുകേഷ് എം.എല്‍.എയായി തുടരുന്നതിനാല്‍ രാഹുലും മാറേണ്ടതില്ലെന്നതാണ് ഷാഫി പക്ഷത്തിന്റെ നിലപാട്. സ്ത്രീ പീഡന വിവാദമായതു കൊണ്ട് തന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന് സീറ്റ് കൊടുക്കില്ലെന്നും പ്രചാരണമുണ്ട്. ഈ സാഹചര്യത്തില്‍ പാലക്കാട്ട് ഷാഫി പറമ്പില്‍ വീണ്ടും മത്സരിക്കുമെന്ന അഭ്യൂഹങ്ങളും സജീവമാണ്.
നിയമസഭയില്‍ ഓരോ സീറ്റും കോണ്‍ഗ്രസിന് നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ സിറ്റിംഗ് എംപിമാരിലെ പലരും നിയമസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ബി.ജെ.പി. ഭീഷണി ഏറെയുള്ള പാലക്കാട് ഷാഫിയല്ലാതെ മറ്റൊരാള്‍ക്കും ജയിക്കാന്‍ കഴിയില്ലെന്ന വാദവും ചില കേന്ദ്രങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.