-->
കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്കു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കു കുരുക്കായി കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2020 മുതലുള്ള രാഹുലിന്റെ ചാറ്റുകളും എം.എല്‍.എ. ആയ ശേഷവുള്ള ശബ്ദസന്ദേശവും ഉള്‍പ്പെടെയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഒരു യുവതിയുമായി നടത്തിയ ചാറ്റില്‍ യുവതിയുടെ സൗന്ദര്യത്തെ വര്‍ണിക്കുന്നതും സൗഹൃദത്തിനു ശ്രമം നടത്തുന്നതും പുറത്തുവന്ന സ്‌ക്രീന്‍ ഷോട്ടില്‍ കാണാം. 'നിങ്ങള്‍ മുടിഞ്ഞ ഗ്‌ളാമറാണ്, താന്‍ പൊളിയാണ്, ഞാന്‍ എത്രനാളായി നമ്പര്‍ ചോദിക്കുന്നു, താന്‍ ഭയങ്കര ജാഡ ആണല്ലേ, സുന്ദരിമാര്‍ എല്ലാം ഇങ്ങനാ' എന്നിങ്ങനെ നീളുന്നു പുറത്തുവന്ന ചാറ്റുകളിലെ രാഹുലിന്റെ മെസേജുകള്‍. 'കുഞ്ഞനിയന്റെ തമാശ' എന്ന് യുവതി പറയുമ്പോള്‍ 'ഞാന്‍ അനിയനൊന്നുമല്ല' എന്നായിരുന്നു മറുപടി.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരേ വെളിപ്പെടുത്തലുമായി യു.എ.ഇയിലെ പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെ്തി. മാങ്കൂട്ടത്തില്‍ ഒട്ടേറെ സ്ത്രീകളെ ഇരയാക്കിയിട്ടുണ്ടെന്നും അവരില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉണ്ടെന്നും ഹണി ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഹണി പോസ്റ്റിട്ടത്.
താന്‍ നടത്തിയ ശ്രീലങ്കന്‍ യാത്രയെക്കുറിച്ച് ചോദിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുല്‍ പരിചയപ്പെടുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. എന്നാല്‍, രാഹുലിന്റെ സ്വഭാവം ശരിയല്ലെന്നു തോന്നിയതിനാല്‍ പിന്നീട് ചാറ്റിന് മറുപടി നല്‍കിയില്ല. താനുമായി സംസാരിച്ച ശേഷം രാഹുല്‍ തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചു. അത് രാഹുലിന്റെ സുഹൃത്തുക്കള്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
രാഹുലിന്റെ മോശം സ്വഭാവത്തെക്കുറിച്ച് ഷാഫി പറമ്പില്‍ എം.പിക്ക് അറിയാമായിരുന്നു. എന്നിട്ടും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇരകള്‍ ഷാഫി പറമ്പിലിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഹണി ആരോപിച്ചു. നിയമനടപടികള്‍ ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഹണി, ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ മാനനഷ്ടക്കേസ് നല്‍കട്ടെയെന്നും വെല്ലുവിളിച്ചു.