-->
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം. 1000 രൂപ വീതം 2025-ലെ 'ഓണസമ്മാന'മായി നല്‍കാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. 60 വയസിനു മുകളില്‍ പ്രായമുള്ള അര്‍ഹരായ 52,864 പട്ടിക വര്‍ഗക്കാര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവര്‍ക്ക് ഓണസമ്മാനം നല്‍കാനാണ് ധാരണയായയത്. ഇതിനുള്ള തുകയായ 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.
അതേസമയം, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കാനും തീരുമാനമായി. വ്യവസായ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ബോണസ് നല്‍കാനുള്ള നടപടികള്‍ തുടങ്ങിയത്.